ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ആരോഗ്യ ചികിത്സാരംഗത്ത് ഒരു നേട്ടം കൂടി കൈവരിച്ചു. ലൈംഗികമായി പകരുന്ന ഗൊണോറിയയ്ക്കെതിരെ വാക്സിനേഷൻ നൽകാൻ ഒരുങ്ങുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇംഗ്ലണ്ട് . ഈ അണുബാധ കുതിച്ചുയരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ രോഗത്തിന്റെ നിയന്ത്രണത്തിന് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തുടക്കത്തിൽ ഇത് എല്ലാവർക്കും ലഭ്യമാകില്ലെന്നാണ് അറിയാൻ സാധിച്ചത്. ആദ്യഘട്ടത്തിൽ ഒന്നിലധികം ലൈംഗിക പങ്കാളികളുള്ള ഗേ, ബൈ സെക്ഷ്വൽ പുരുഷന്മാരിലുമാകും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. വാക്സിൻ 30-40% ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന അണുബാധകളുടെ എണ്ണം ഇത് കുറയ്ക്കും എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. 2023-ൽ 85,000-ത്തിലധികം കേസുകൾ ആണ് ഉണ്ടായിരുന്നത്. ഇത് 1918-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് ആണ്.
ഗൊണോറിയ രോഗത്തിന് എല്ലായ്പ്പോഴും ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. പക്ഷേ ചിലരിൽ ജനനേന്ദ്രിയ വീക്കം, വേദന എന്നിവ അനുഭവപ്പെടാം. വാക്സിൻ സ്വീകരിക്കാൻ എത്രപേർ മുന്നോട്ട് വരുമെന്നുള്ളതിനെ കുറിച്ച് ആശങ്കയുണ്ട് . വാക്സിനേഷൻ ഓഗസ്റ്റിൽ ആരംഭിക്കുകയും ലൈംഗികാരോഗ്യ സേവനങ്ങൾ വഴി വാഗ്ദാനം ചെയ്യുകയും ചെയ്യും.
Leave a Reply