പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍. കര്‍ണാടക ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി മോദി എത്തിയ ചിത്രം ട്വീറ്റ് ചെയ്താണ് പീറ്റേഴ്സണിന്റെ പ്രശംസ.

‘ഐക്കോണിക്! വന്യമൃഗങ്ങളെ ആരാധിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവയ്ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ വളരെ ആവേശഭരിതനാവുകയും ചെയ്യുന്ന ഒരു ലോക നേതാവ്. ഓര്‍ക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യയിലെ കാട്ടിലേക്ക് തുറന്നുവിട്ടിരുന്നു. ഹീറോ’-എന്നായിരുന്നു പീറ്റേഴ്സണ്‍ന്റെ ട്വീറ്റ്.

സേവ് അവര്‍ റൈനോസ് ഇന്‍ ആഫ്രിക്ക ആന്റ് ഇന്ത്യ (സോറൈയ്) എന്ന ചാരിറ്റി സംഘടനയുടെ പേരില്‍ അറിയപ്പെടുന്ന കെവിന്‍ പീറ്റേഴ്സണ്‍ ക്രിക്കറ്റര്‍ക്ക് പുറമേ മൃഗസംരക്ഷണവാദി കൂടിയാണ്. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെ ജി 20 സമ്മിറ്റിനിടെ അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായുമായും അന്ന് പീറ്റേഴ്സണ്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിനും നേരത്തെ പീറ്റേഴ്സണ്‍ നന്ദി അറിയിച്ചിരുന്നു.