ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ്‌ മാസം പൂന്തുറ ചെറു രശ്മി സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഓരോ വർഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് ഉപജീവനമാർഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകൾക്ക് തയ്യൽ പരിശീലനം നൽകി, അവരെ സ്വയം പര്യാപ്തമാക്കുകയാണു ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു തുടർ പദ്ധതിയായി തുടരുന്നു. 2021ൽ ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയും സ്ഥലം എം എൽ എ യും ആയ അഡ്വക്കേറ്റ് ആന്റണി രാജു ആണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്.

കഴിഞ്ഞ മെയ്‌ മാസം നടന്ന സംയുക്ത സമ്മേളനത്തിൽ ചാരിറ്റിക്ക് നേതൃത്വം കൊടുക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ :വിജയലക്ഷ്മി, യൂറോപ്പ് റീജിയൻ ചെയർമാൻ ശ്രീ ജോളി തടത്തിൽ എന്നിവരെ യോഗം പൊന്നാട നൽകി ആദരിച്ചു. യോഗത്തിൽ പൂന്തുറ ചെറു രശ്മി സെന്റർ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യു അദ്ധ്യഷത വഹിച്ചു. ഇതു വരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിവരിച്ചതിനെത്തുടർന്ന്, ഇങ്ങിനെ ഒരു പദ്ധതിക്കു നേതൃത്വം കൊടുക്കുന്ന ശ്രീമതി മേഴ്‌സി തടത്തിലിനെ അഭിനന്ദിക്കുകയും, വേർഡ് മലയാളി കൗൺസിലിനോട് നന്ദി പറയുകയും ചെയ്തു. തൊഴിൽ അഭ്യസിച്ചു സ്വയംപര്യാപ്തത നേടി എടുക്കണമെന്ന് മേഴ്‌സി തടത്തിൽ തന്റെ പ്രസംഗത്തിൽ പരിശീലകരോട് ആഹ്വാനം ചെയ്തു.

ഡോ :വിജയലക്ഷ്മി തിരുവനന്തപുരം, ശ്രീ ജോളി തടത്തിൽ ജെർമനി, ശ്രീ ജെയിംസ് ജോൺ ബെഹ്‌റിൻ, ശ്രീ കൃഷ്ണകുമാർ തിരുവനന്തപുരം, ശ്രീ പദ്മകുമാർ തിരുവനന്തപുരം, ശ്രീമതി ശുഭ നാരായണൻ തിരുവനന്തപുരം, ശ്രീ മതി രാധിക സോമസുന്ദരം തിരുവനന്തപുരം, ശ്രീ ശശി നായർ ദുബായ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ വർഷത്തെ പരിശീലനം ലഭിച്ച പരിശീലകർ അവരുടെ അനുഭവ സാക്ഷ്യത്തിൽ വേൾഡ് മലയാളി കൗൺസിലിനോട് നന്ദി പറയുകയും, ഈ പരിശീലനത്തിലുടെ നേടി എടുത്ത ആത്മവിശ്വാസത്തെയും സ്വയം പര്യാപ്തതെയും കുറിച്ചു എടുത്തു പറയുകയും ചെയ്തു. അടുത്ത അദ്ധ്യായന വർഷത്തേയ്ക്കുള്ള ഒരു ചെക്ക് ശ്രീമതി മേഴ്‌സി തടത്തിൽ ഡയറക്ടർ സിസ്റ്റർ മേഴ്‌സി മാത്യുവിനെ ഏൽപ്പിച്ചു. അതോടൊപ്പം സിസ്റ്റർ മേഴ്‌സി മാത്യുവിനോടുള്ള നന്ദിയും പറഞ്ഞു.