ലണ്ടന്‍: വര്‍ഷങ്ങളായി അമേരിക്കയും ബ്രിട്ടനും ശത്രുവായി പ്രഖ്യാപിച്ച് പോരാട്ടം നടത്തുന്ന താലിബാനെ ഐസിസിനെതിരെയുളള പോരാട്ടത്തില്‍ സഖ്യകക്ഷിയാക്കാന്‍ റഷ്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ച് വര്‍ഷത്തിലേറെയായി അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താലിബാനെതിരെ പോരാടുകയാണ്. ഇപ്പോള്‍ രാജ്യാന്തര ശക്തികളുടെ ഏറ്റവും വിലയേറിയ സഖ്യകക്ഷിയായി താലിബാന്‍ മാറിയിരിക്കുന്നു. താലിബാന്റെ മുഖ്യശത്രുവായി ഐസിസ് മാറിയിരിക്കുന്നു എന്നതാണ് ഇവരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ റഷ്യ ശ്രമിക്കുന്നതിന്റെ കാരണമെന്ന് ഇന്‍ഡിപ്രപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനില്‍ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കുന്നതിന് ഐസിസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇവര്‍ കരുതുന്നതായാണ് റിപ്പോര്‍ട്ട് വാദിക്കുന്നത്.
ഐസിസിനെതിരെയുളള പോരാട്ടം ശക്തമാക്കിയതിന്റെ കാരണങ്ങളില്‍ ഒന്നായി പുടിന്‍ എടുത്ത് കാട്ടുന്നത് മുന്‍ സോവിയറ്റ് മധ്യ ഏഷ്യയിലേക്ക് തിരികെ വരുന്ന ഭീകരര്‍ ആക്രമണം നടത്തുന്നു എന്നുളളതാണ്. ഐസിസും കിഴക്കന്‍ തുര്‍ക്ക്‌മെനിസ്ഥാനിലെ സ്വതന്ത്ര പ്രസ്ഥാനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ചൈനയ്ക്ക് താലിബാനോട് പ്രതിപത്തിയുണ്ടാകാന്‍ കാരണം. ഏതായാലും താലിബാനുമായി റഷ്യ സഖ്യസംഭാഷണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന. താലിബാന്റെ താത്പര്യങ്ങള്‍ തങ്ങളുടേതിന് സമാനമാണെന്ന് കഴിഞ്ഞദിവസം റഷ്യന്‍ പ്രത്യേക ദൂതന്‍ സമിര്‍ കുബുലോവ് പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പാക് അഫ്ഗാന്‍ താലിബാനുകള്‍ ഐസിസിനെയോ ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയോ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ കൈമാറാനായി താലിബാനും തങ്ങള്‍ക്കുമിടയില്‍ ഒരു ചാനലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സോവിയറ്റ് ഉസ്‌ബെക്കിസ്ഥാനില്‍ ജനിച്ച കാബുലോവിന് താലിബാനുമായുളള ഇടപാടുകള്‍ പുത്തരിയല്ല. 1995ല്‍ അന്നത്തെ താലിബാന്‍ നേതാവായിരുന്ന മുല്ല മുഹമ്മദ് ഒമറുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കിയ റഷ്യന്‍ വിമാനത്തിലെ ജീവനക്കാരെ വിട്ട് കിട്ടാന്‍ വേണ്ടി ആയിരുന്നു ആ ചര്‍ച്ചകള്‍. പാകിസ്ഥാന്‍ അംബാസഡറായിരുന്ന കാലത്തും അവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.