ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം. മാധ്യമപ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു. മാധ്യമ സ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഓര്‍മ്മ ദിനം കൂടിയാണിന്ന്.
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരമാണ് മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. മാധ്യസ്വാതന്ത്രത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്‍റെ സന്ദേശം.
സര്‍ക്കാറുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഒാര്മിപ്പിച്ചും, 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വാര്ഷികമായുമാണ് ദിനാചരണം. എന്നാല്‍, ഒാരോ വര്‍ഷവും മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിനിടെ കൊല്ലപ്പെടുന്നതും ജയിലിലടക്കപ്പെടുന്നതും ആശങ്കപെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 260 മാധ്യമപ്രവര്‍ത്തകരാണ് ജയിലിലടക്കപ്പെട്ടത്. കഴിഞ്ഞ ദിവസം കാബൂളില്‍ നടന്ന സ്ഫോടനത്തില്‍ ഒൻപതു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.
ഈ ദിനത്തില്‍ പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ലോകത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനു യുനസ്കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്കാരം നൽകുന്നു. ഈ പ്രവാശ്യം അസര്‍ബൈജാനില്‍ നിന്നുള്ള എയ്നുള്ള ഫത്തൂലിവ് എന്ന ജേര്‍ണലിസ്റ്റാണ് പുരസ്കാരത്തിന് അര്‍ഹനായിരിക്കുന്നത്. മുപ്പത്തിയഞ്ച് വയസ്സുകാരനായ എയ്നുള്ള ഫത്തൂലിവ് റിയല്‍ അസര്‍ബൈജന്‍,അസര്‍ബൈജന്‍ ഡെയ്ലി എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. എന്നാല്‍ മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ നടത്തിയ പോരാട്ടങ്ങളുടെ പേരില്‍ 2007ല്‍ ജയിലില്‍ അടക്കപ്പെട്ടു. തുടര്‍ന്ന് ബഹുജനരോക്ഷത്തെ തുടര്‍ന്ന് 2011ല്‍ ജയില്‍ മോചിതനായ ഇദ്ദേഹം ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നു.
അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മണല്‍ മാഫിയ, ക്വാറി മാഫിയ, അനധികൃത നിര്‍മ്മാണങ്ങള്‍, പൊലീസ് അതിക്രമങ്ങള്‍, അരോഗ്യരംഗത്തെ അവഗണനകള്‍, അഴിമതി, തെരഞ്ഞെടുപ്പ് സ്റ്റോറികള്‍ ഈ മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചവരാണ് കൂടുതലും ജീവന് ഭീഷണി നേരിട്ടത്. ലോകത്തെ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പഠനവിധേയമാക്കിയതില്‍ ജനാധിപത്യ രാജ്യമായിട്ടും, ഇന്ത്യ 136ാം സ്ഥാനത്താണ്.
Leave a Reply