ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിഡെനിതിരേ തുടര്‍ച്ചയായ രണ്ടു സമ്പൂര്‍ണ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ടെസ്റ്റിലും ഇന്ത്യ ഇതാവര്‍ത്തിച്ചത്. ലോക ഒന്നാം റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ അപരാജിതരുമായ കോഹ്‌ലിപ്പടയ്ക്കു വലിയ തിരിച്ചടി തന്നെ ആയിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി.
അതേസമയം ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്ത്. എന്നാല്‍ ഇനിയും ഫൈനല്‍ ഉറപ്പാക്കിയിട്ടില്ല. ഇനിയുള്ള എട്ടു മാസത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ബ്രേക്കാണ്. രണ്ടു പരമ്പരകളിലായി ഒമ്പത് ടെസ്റ്റുകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ ഈ വര്‍ഷമവസാനമാണ് ഇന്ത്യ അവരുടെ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റുമായിരിക്കും. ഈ പരമ്പര ലോക ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായി മാറും. പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി നേരിട്ടാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയേക്കും. അതുകൊണ്ടു തന്നെ ഈ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. പരമ്പര സ്വന്തം നാട്ടിലാണെങ്കിലും ഇംഗ്ലണ്ട് കരുത്തുറ്റ എതിരാളികളായതിനാല്‍ ഇന്ത്യക്കു വിജയം എളുപ്പമാവില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പര കൈവിടുകയാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറും.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പര തൂത്തൂവാരിയതോടെ 180 പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം പരിതാപകരമായ പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ഇതുവരെ ഒരു പോയന്റും നേടാത്ത വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Leave a Reply