സാലിസ്ബറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ന്നുവരുന്ന നയതന്ത്ര ഇടപെടലുകളില്‍ ബ്രിട്ടന് വീണ്ടും വിജയം. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടന് പിന്തുണയുമായി രംഗത്തെത്തി. അമേരിക്കയും മറ്റ് 22 രാജ്യങ്ങളും റഷ്യന്‍ നയതവന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നൂറിലേറെ റഷ്യന്‍ ഡിപ്ലോമാറ്റുകളാണ് ഈ വിധത്തില്‍ പുറത്താക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക 60 റഷ്യന്‍ ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് റഷ്യന്‍ ദൗത്യത്തിന് എത്തിയ 12 ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെയാണ് അമേരിക്ക പുറത്താക്കിയിരിക്കുന്നത്.

അമേരിക്കക്കുള്ളില്‍ അപകടകരമായ പ്രവൃത്തികള്‍ നടത്താന്‍ റഷ്യ യുഎന്നിനെ മറയാക്കിയിരിക്കുകയായിരുന്നുവെന്ന് അമേരിക്കയുടെ യുഎന്‍ സ്ഥാനപതി നിക്കി ഹാലി പറഞ്ഞു. സാലിസ്ബറിയില്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണത്തെ വൈറ്റ്ഹൗസ്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താക്കളും നിക്കി ഹാലിയും മോസ്‌കോയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഹണ്ട്‌സ്മാനും അപലപിച്ചു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.

ജര്‍മനി, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങള്‍ നാല് റഷ്യന്‍ ഡിപ്ലോമാറ്റുകളെ വീതം പുറത്താക്കിയിരുന്നു. ലിത്വാനിയ, ലാത്വിയ. ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും 13 ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ടാണ് യുക്രൈന്‍ ബ്രിട്ടനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കാനഡ മൂന്ന് ഡിപ്ലോമാറ്റുകളെയും ഹംഗറി, നോര്‍വേ എന്നീ രാജ്യങ്ങള്‍ ഒാരോ ഉദ്യോഗസ്ഥരെയും പുറത്താക്കിയപ്പോള്‍ സ്‌പെയിന്‍ രണ്ടു പേരെയാണ് പുറത്താക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓസ്‌ട്രേലിയ രണ്ട് പേരെ പുറത്താക്കിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ എന്നിവരുമായി ആലോചിച്ച് ഒരു റഷ്യന്‍ ഉദ്യോഗസ്ഥനെ പുറത്താക്കുമെന്ന് മാസിഡോണിയ വ്യക്തമാക്കി. മാള്‍ട്ടയും ബ്രിട്ടന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഇന്റലിജന്‍സ് ഓഫീസര്‍മാരാണ് റഷ്യന്‍ ഡിപ്ലോമാറ്റുകളെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. സാലിസ്ബറി ആക്രമണത്തിലൂടെ പാശ്ചാത്യ നാടുകളെ ഭിന്നിപ്പിക്കാനുള്ള റഷ്യന്‍ ശ്രമത്തിന് ഈ നടപടികളിലൂടെ വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഡിപ്ലോമാറ്റുകള്‍ പുറത്താക്കപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.

തങ്ങളുടെ ഡിപ്ലോമാറ്റുകളെ പുറത്താക്കിയ നടപടിക്ക് ഓരോ രാജ്യങ്ങള്‍ക്കും പ്രതികരണം നല്‍കുമെന്ന് റഷ്യ അറിയിച്ചു. അമേരിക്കയും റഷ്യയുമായുള്ള ബന്ധത്തില്‍ ശേഷിച്ചവയെല്ലാം ഈ നടപടി ഇല്ലാതാക്കിയെന്നായിരുന്നു അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ പറഞ്ഞത്. പ്രത്യാഘാതങ്ങള്‍ക്ക് വാഷിംഗ്ടണ്‍ ആയിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കല്‍വാങ്ങലുകളുടെ തത്വമനുസരിച്ചായിരിക്കും പ്രതികരണമെന്നായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത്.