ലോകത്തെ ഏറ്റവും ധനികരായ ക്ലബുകളുടെ പട്ടിക പുറത്ത്. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്‌പാനീഷ് ഭീമൻമാരായ റയൽ മാഡ്രിഡിനെ പിന്തള്ളിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 3 ബില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് 2016-17 സീസണിൽ സ്വന്തമാക്കിയത്. പ്രമുഖ ചാർട്ടേട് അക്കൗണ്ട് കമ്പനിയായ കെപിഎംജിയാണ് ലോകത്തെ ധനികരായ ക്ലബുകളുടെ പട്ടിക പുറത്ത് വിട്ടത്.
ഇക്കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് കിരീടം ഉൾപ്പെടെ മൂന്ന് ട്രോഫികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. കമ്യൂണിറ്റി ഷീൽഡ് കപ്പും, ഇംഗ്ലീഷ് ലീഗ് കിരീടവും ചുവന്ന ചെകുത്താൻമാർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു. വിഖ്യാത പരിശീലകൻ ഹൊസെ മൗറീഞ്ഞോയാണ് യുണൈറ്റഡിന്റെ പരിശീലകൻ.
കെപിഎംജി പുറത്ത് വിട്ട പട്ടികയിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ബാഴ്സിലോണ മൂന്നാം സ്ഥാനത്തുമാണ്. ജർമ്മൻക്ലബ് ബയേൺ മ്യൂണിക്ക് നാലാം സ്ഥാനത്തും, ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തുമാണ്. പത്ത് ധനികരുടെ പട്ടികയിൽ 6 ക്ലബുകളും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.
ക്ലബുകളുടെ വരുമാനവും, സംപ്രേക്ഷണ അവകാശവും, പ്രശസ്തിയും അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് കെപിഎംജി നടത്തിയത്.
Leave a Reply