ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ നിഷ്പ്രഭമാക്കുന്ന കോവിഡ് വ്യാപനം ആണ് രാജ്യം നേരിടുന്നത് . മഹാമാരി ചരിത്രത്തിലെ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനത്തിനാണ് ഇന്നലെ ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച മാത്രം 78610 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് . 2021 ജനുവരിയിൽ ലോക്ക്ഡൗൺ ആയിരുന്ന സമയത്ത് രേഖപ്പെടുത്തിയ 68053 ആയിരുന്നു ഇതിനു മുൻപ് ബ്രിട്ടനിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രതിദിന രോഗവ്യാപനം .

അടുത്ത ആഴ്ചകളിൽ പ്രതിദിന രോഗവ്യാപനം വളരെയധികം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ കടുത്ത മുന്നറിയിപ്പു നൽകി. വർദ്ധിച്ചു വരുന്ന രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ക്രിസ്മസ് കാലത്ത് ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രൊഫസർ ക്രിസ് വിറ്റിയ്‌ക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ബോറിസ് ജോൺസൺ ജനങ്ങൾ എത്രയും പെട്ടെന്ന് രോഗപ്രതിരോധത്തിനായി ബൂസ്റ്റർ ഡോസ് എടുക്കുന്നതിൻെറ ആവശ്യകതയെക്കുറിച്ചാണ് എടുത്തുപറഞ്ഞത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഭരണപ്രതിപക്ഷ എംപിമാരിൽ നിന്ന് കടുത്ത വിമർശനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം പാർട്ടിയിലെ ആഭ്യന്തര കലാപവും രൂക്ഷമാണ്. ഇന്നലെ പുതിയ കോവിഡ് നിയന്ത്രണങ്ങളെ ഭരണകക്ഷി എംപിമാർ അടക്കമുള്ളവർ എതിർത്തപ്പോൾ ലേബർ എംപിമാരുടെ പിന്തുണയോടെയാണ് നിയമം നിലവിൽ വന്നത്. നിശാക്ലബ്ബുകളിലും വലിയ വേദികളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നതിനെതിരെ 100 കൺസർവേറ്റിവ് എംപിമാർ ആണ് വോട്ടു ചെയ്തത് . നിരവധി എംപിമാർ തുറന്നെതിർത്തെങ്കിലും ഒമിക്രോണിനെ തുടച്ചുനീക്കാൻ മറ്റൊരു മാർഗമില്ലെന്ന നിലപാടിലായിരുന്നു പ്രധാനമന്ത്രി.