ഇന്നലെ മണിക്കൂറുകളോളം ലോകത്തെ ആശങ്കയിലാഴ്ത്തിയ വിമാനം റാഞ്ചലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാന്‍ ശ്രമിച്ച വ്യക്തിയുടെ കയ്യിൽ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇയാളിൽ നിന്നും മറ്റ് മാരക ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ കണ്ടെടുക്കനായില്ല. ഇയാൾക്ക് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും ഭാര്യയുമായുള്ള തർക്കം കാരണമാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് ലഭിക്കുന്ന വിശദീകരണം. വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ വധിച്ചുവെന്ന് അധികൃതര്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
വിമാനം റാഞ്ചാനുള്ള നീക്കം സുരക്ഷാസേന അപ്പോൾ തന്നെ പരാജയപ്പെടുത്തിയിരുന്നു. പിടിയിലാകുമ്പോൾ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പിന്നീട് ഇയാൾ മരിച്ചതായി അധികൃതർ വ്യക്തമാക്കി. തനിക്ക് ഭാര്യയുമായി ചില പ്രശ്നങ്ങളുണ്ടെന്നും പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി സംസാരിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായി ജീവനക്കാര്‍ പറഞ്ഞു. ഔദ്യോഗിക പരിപാടികള്‍ക്കായി ഞായറാഴ്ച പ്രധാനമന്ത്രി ചിറ്റഗോങിലുണ്ടായിരുന്നെങ്കിലും വിമാനറാഞ്ചല്‍ വാര്‍ത്ത പുറത്തുവരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് അവര്‍ ധാക്കയിലേക്ക് തിരിച്ചിരുന്നു.
ഇന്നലെയാണ് ധാക്കയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ബി.ജി 147 വിമാനമാണ് റാഞ്ചാന്‍ ശ്രമം നടന്നത്. ഇതേത്തുടർന്ന് വിമാനം ചിറ്റഗോങ് ഷാ അമാനത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനം ലാൻഡ് ചെയ്ത ഉടൻ കമാൻഡോകൾ വിമാനം വളഞ്ഞു. വിമാനത്തിനുള്ളിൽ കടന്ന കമാൻഡോകൾ ആക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് യാത്രക്കാരെ സുരക്ഷിതരാക്കി പുറത്തിറക്കിയിരുന്നു.
Leave a Reply