ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 313ൽ 114 വോട്ടുകളും നേടി മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ തന്റെ കരുത്തു തെളിയിച്ചു. 43 വോട്ടുകൾ നേടിയ ജെറമി ഹണ്ട് രണ്ടാംസ്ഥാനത്തും 37 വോട്ടുകൾ നേടിയ പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവ് മൂന്നാം സ്ഥാനത്തുമാണ്. ഡൊമിനിക് റാബും സാജിദ് ജാവിദും ആണ് യഥാക്രമം നാല് അഞ്ച് സ്ഥാനങ്ങളിൽ. ആദ്യഘട്ട വോട്ടെടുപ്പിൽ വ്യക്തമായ മുൻതൂക്കം തന്നെയാണ് ബോസ് ജോൺസന് ലഭിച്ചിരിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയാവാൻ ഏറ്റവും സാധ്യതയുള്ള വ്യക്തിയായി ജോൺസൺ മാറി. മാർക്ക് ഹാർപ്പർ, എസ്ഥേർ മാക്ക്വേ, ആൻഡ്രിയ ലീഡ്സം എന്നിവർക്ക് 17 വോട്ടുകൾ നേടാനാകാത്തതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നിന്നും പുറത്തായി. അങ്ങനെ 10 സ്ഥാനാർത്ഥികളിൽ നിന്നും 7 സ്ഥാനാർഥികളുടെ പോരാട്ടമാണ് നാം ഇനിയും കാണാനിരിക്കുന്നത്. ജയിക്കാൻ ആയതിൽ സന്തോഷവാനാണെന്നും പക്ഷേ ഇനിയും ഒരുപാട് പോകുവാനുണ്ടെന്നും ബോറിസ് ജോൺസൺ പറയുകയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ജയിക്കാനായാൽ ജൂൺ അവസാനത്തോടെ മേയുടെ സ്ഥാനം ഏൽക്കേണ്ടിവരും.

ഏഴാം സ്ഥാനത്തുള്ള റോയ് സ്റ്റെവാർട്ട് ഫലം അറിഞ്ഞപ്പോൾ തന്നെ ‘ഇതൊരു ഇഞ്ചോടിഞ്ച് പോരാട്ടം’ എന്ന് പറയുകയുണ്ടായി. ബ്രക്സിറ്റ് പ്രശ്നം നിലനിൽക്കുന്ന ഈ സമയത്ത് ജൂൺ അവസാനം എത്തുന്ന പുതിയ പ്രധാനമന്ത്രിക്ക് ഭരണത്തിന്റെ തുടക്കകാലം ദുഷ്കരമായേക്കാം. നൽകിയ വാഗ്ദാനങ്ങൾ എല്ലാംതന്നെ നിറവേറ്റി ഒക്ടോബർ 31നിനുള്ളിൽ ബ്രക്സിറ്റ് പ്രശ്നത്തിൽ ഉചിതമായ ഒരു തീരുമാനം അദ്ദേഹത്തിന് കൈക്കൊള്ളാൻ സാധിച്ചാൽ അത് നേട്ടമായിരിക്കും. ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും ആണ് സ്ഥാനാർത്ഥികൾ നൽകുന്നത്. ബ്രിട്ടനെ ഉടമ്പടികൾ ഒന്നുമില്ലാതെ തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നും വേർപെടുത്താം എന്ന് ഡൊമിനിക് റാബ് ഉറപ്പു നൽകിയിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ബ്രക്സിറ്റ് തന്നെയാണ്. തെരേസ മേയുടെ ഗവൺമെറ്റിനു പറ്റിയ പാളിച്ചകൾ മറ്റുള്ളവർക്ക് ഒരു പാഠമാണ്. ഇതിനെ മറികടക്കാൻ സാഹചര്യമൊരുക്കും എന്നാണ് സ്ഥാനാർത്ഥികൾ എല്ലാവരും ഉറപ്പുനൽകുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജൂൺ 18നാണ് അടുത്ത തിരഞ്ഞെടുപ്പ്. കുറഞ്ഞത് 33 വോട്ടുകൾ നേടുന്നവർ മാത്രമേ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കൂ. എന്തായാലും 2 ആഴ്ചകൾ കൊണ്ട് ബ്രിട്ടൻ ആര് ഭരിക്കുമെന്ന് അറിയുവാൻ കഴിയും. സ്വന്തം പാർട്ടിയെ ഒന്നിച്ച് നിർത്തുവാനും ബ്രക്‌സിറ്റ് പ്രശ്നത്തിൽ ഉചിതമായ നടപടി സ്വീകരിക്കുവാനും പുതിയ പ്രധാനമന്ത്രിക്ക് കഴിയേണ്ടിയിരിക്കുന്നു. അടുത്ത ഘട്ട വോട്ടെടുപ്പ് ഇതിലും വാശിയേറിയത് ആവാനാണ് സാധ്യത.