ഐശ്വര്യ ലക്ഷ്മി.എസ്സ്

പീതാംബരശോഭയോടെ സ്വർണ്ണവർണ്ണവുമായി കണിക്കൊന്നകൾ പൂത്തുലഞ്ഞിരിക്കുന്നു. സർവൈശ്വര്യത്തിന്റെ പൂത്താലവുമേന്തി പടിവാതിൽക്കലെത്തി നിൽക്കുകയാണ് വിഷു. കാലമെത്ര മാറിയാലും ആഘോഷങ്ങൾക്ക് ഒരു കുറവും വരുത്താത്തവരാണ് മലയാളികൾ. എന്നാലിന്ന് മാനസികമായി തെല്ലൊരു ആശങ്കയിലാണ് ലോകം മുഴുവനും.കൊറോണയെന്നു വിളിപ്പേരുള്ള മഹാമാരിക്കു മുന്നിൽ അങ്കക്കളത്തിലാണ് നാമേവരും. എങ്കിലും ഭൂമി വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

‘വിഷു’ എന്ന പദത്തിന്റെ അർത്ഥം തന്നെ തുല്യതയാണ്. സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷുസംക്രാന്തി. അതിന്റെ പിറ്റേന്നാണ് വിഷു. ഇക്കൊല്ലം അത് രാത്രി 8.30ന് പൂരാടം നക്ഷത്രത്തിലാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും വിഷു പലപേരുകളിൽ ആഘോഷിക്കുന്നുണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലനിന്നിരുന്ന പഞ്ചാംഗപ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. രാവും പകലും തുല്യമായി വരുന്ന ദിനമാണ് വിഷു. കാർഷികപ്പെരുമയുടെ വസന്തം കുറിക്കുന്ന ഈ ദിനത്തിലാണ് കർഷകർ വിളയിറക്കുന്നത്.

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും 2 എൈതിഹ്യങ്ങളാണുള്ളത്. ഒന്ന് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനമെന്ന ആഘോഷം. മറ്റൊന്ന് സൂര്യൻ നേരെ ഉദിച്ചു തുടങ്ങിയതിന്റെ ആഘോഷം. എന്തായാലും മലയാളിയുടെ മനസ്സിൽ വിഷുവെന്ന് കേൾക്കുമ്പോൾ ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.ഗ്രന്ഥങ്ങളും കണിവയ്ക്കാറുണ്ട്.

കവി പാടിയപോലെ ഏത് ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും മനസ്സിൽ മമതയും കൊന്നപ്പൂവുമൊന്നുമില്ലാത്ത മലയാളികളില്ല. പഞ്ചേന്ദ്രിയങ്ങൾക്ക് വിഷു ഒരു ഉണർത്തുപാട്ടാണ്. പാറിപ്പറന്നും ചിറകടിച്ചാർത്തും മനുഷ്യന്റെ സാന്നിധ്യം കുറഞ്ഞതോടെ കാതുകൾക്ക് കുളിരേകുകയാണ് വിഷു പക്ഷികൾ. മീനം മേടത്തിനായി കരുതിവച്ച വിളവുകളിലെല്ലാം സൂര്യന്റെ കൈയ്യൊപ്പു പ്രകടമാണ്. വിഷു സദ്യ നാവിന് ഉന്മാദം പകരുമ്പോൾ മുതിർന്നവർ നെറുകയിലൊരു തലോടലോടെ കൈയിൽ വച്ചുതരുന്ന നാണയത്തുട്ടുകൾക്കുമപ്പുറം എന്തൊക്കെയോയാണ് വിഷുക്കൈനീട്ടം.

പുതുവർഷത്തിൽ ഏഴുതിരിയിട്ടു കത്തിക്കുന്ന നിലവിളക്കും വിഷുക്കണിയുമെല്ലാം പകരുന്ന ഊർജമാണ് വരും നാളുകൾക്ക് കരുത്തേകുന്നത്. വിഷുഫലം വരും നാളുകളുടെ ഫലമാണ്. ഭൂമിയും മനുഷ്യനുമായി ഒരു ഉടമ്പടിയില്ലാതെ ജീവിക്കാൻ പറ്റില്ലയെന്നുകൂടിയാണ് ഈ വിഷുകാലം ഓർമ്മപ്പെടുത്തുന്നത്.

ഭൂമിയെയും ചരാചരങ്ങളെയും ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ആഘോഷവേളകളെയാണ് ഭൂമിയും കുറച്ചുവർഷങ്ങളായി നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മലയാളിയുടെ ഓണക്കാലം പ്രളയം കവർന്നു. ഇന്നിതാ വിഷുക്കാലത്തെ കൊറോണയും. പക്ഷേ ഇക്കഴിഞ്ഞതിനെയൊക്കെയും അടിപതറാതെ നേരിട്ടവരാണ് നമ്മൾ. ആഘോഷങ്ങൾ ആഘോഷങ്ങൾ മാത്രമാവാതെ പരസ്പരം അറിയാനുള്ളൊരവസരമാക്കുകയാകാം പ്രകൃതി. അങ്ങനെ നോക്കുമ്പോൾ കുറച്ച് കുറച്ച് മലയാളം സംസാരിക്കുന്ന മലയാളിയും ഉപഭോഗസംസ്കാരത്തിന് അടിമപ്പെട്ട ഇന്ത്യക്കാരനും കൂട്ടിലായതോടെ ഇന്ത്യയിൽ 40% മലിനീകരണം കുറഞ്ഞതായാണ് കണക്ക്. നമ്മുടെ തലമുറയ്ക്ക് ജലന്ധറിൽനിന്നും കി.മീ അകലെയുള്ള ഹിമാലയം ഒരിക്കൽ പോലും കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല . എന്നാൽ കൊറോണയുമായി ഒളിയുദ്ധം ആരംഭിച്ചതോടെ അതും സാധ്യമായി. ഇതൊക്കെയാവാം പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന വിഷുക്കണികൾ. പടക്കമില്ലാതെയും കരുതലോടെ അതിന്റെ എല്ലാ അർത്ഥത്തിലും ആഘോഷങ്ങളെ വരവേൽക്കാൻ പ്രകൃതി നമ്മെ പഠിപ്പിച്ചു തുടങ്ങി. ഇത് തന്നെയാണ് മനുഷ്യരാശിക്കുള്ള ഏറ്റവും മഹത്തായ സന്ദേശവും. വിത്തും കൈക്കോട്ടുമെവിടെയെന്നു ചോദിച്ച വിഷുപക്ഷിയോടെ മാസ്കും ഹാൻഡ് വാഷും എവിടെയെന്നു വരും വർഷമെങ്കിലും നമുക്ക് തിരിച്ച് ചോദിക്കാതിരിക്കാം. കരുതലിന്റെയും സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും വിത്തുകൾ നമുക്കീവർഷം വിളയിറക്കാം.

“കരുതലാവണം പൊൻതിരിയിട്ടൊരാ നിലവിളക്കുകൾ.
വിളമ്പണം സ്നേഹം തൂശനിലയോരോന്നിലും.
ഇറക്കണം അകലത്തിലായ് അതിജീവനത്തിന്റെ വിത്തുകൾ.
വളരേണം മാലോകരൊന്നായി നാളേയ്ക്ക് കൈനീട്ടമായ്.”

 

 

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .  മലയാളം യുകെയിൽ ഉൾപ്പെടെ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട് . അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]

 

 

 

 

ചിത്രീകരണം : അനുജ കെ