കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ ഇന്നലെ ബിര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ മൂന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചു. എഴുത്തുകാരായ മുരുകേശ് പനയറ , ജിന്‍സന്‍ ഇരിട്ടി , സാമൂഹ്യ , സാംസ്‌കാരിക പ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് തുടങ്ങിയവരാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും കൂട്ടായ ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്‍പാകെ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ആശങ്കയും പ്രതിഷേധവും നേരിട്ട് അറിയിച്ച് എഴുതി തയ്യാറാക്കിയ മെമ്മോറാണ്ടം സമര്‍പ്പിച്ച ശേഷമാണ് കോണ്‍സുലേറ്റിന് മുന്നില്‍ രാഷ്ടീയ കൊലപാതങ്ങള്‍ക്ക് ഇരകളായ മുഴുവന്‍ പേര്‍ക്കും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
രാഷ്ട്രീയ ശത്രുത അവസാനിപ്പിച്ച് പകരം ജീവിക്കുവാനുള്ള നല്ല ലോകമായി ഈ ഭൂമി മാറണം എന്ന് എഴുത്തുകാരനായ മുരുകേശ് പനയറ പറഞ്ഞു. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കൊലപാതക രാഷ്ട്രീയ അവസാനിപ്പിക്കണം എന്ന ഇച്ഛാശക്തി ഇല്ലാത്തത് കൊണ്ടും കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിയാകുന്ന ക്രിമിനലുകളെ രാഷ്ട്രീയമായും നിയമപരമായും ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ സംരക്ഷിക്കുന്നത് കൊണ്ടുമാണ് ഇവിടെ കൊലപാതക രാഷ്ട്രീയം ആരംഭിച്ചിട്ട് നാല്‍പ്പത്തൊമ്പത് വര്‍ഷമായിട്ടും ഇത് ഇങ്ങനെ തുടരുന്നതെന്ന് എഴുത്തുകാരനായ ജിന്‍സന്‍ ഇരിട്ടി പറഞ്ഞു. കൊലപാതക രാഷ്ട്രീയം തുടര്‍ച്ചയായി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും വേദനിപ്പിക്കുന്ന ഒന്നാണ്. ഇത്തരം നിഷ്ഠൂരമായ, മനുഷ്യത്വ രഹിതമായ അക്രമ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ നാടിന് ഒരിക്കലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനായ ടോം ജോസ് തടിയമ്പാട് പറഞ്ഞു
Leave a Reply