ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ചെറിയ മുന്‍തൂക്കമുണ്ടെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയതും അവിടെ ടെസ്റ്റ് പരമ്പര കളിക്കുന്നതും ന്യൂസിലന്‍ഡിന് ഏറെ ഗുണം ചെയ്യുമെന്നാണ് ഷമി പറയുന്നത്. ഫൈനലിന് മുമ്പ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.

‘ഇംഗ്ലണ്ടിലേക്ക് നേരത്തെ എത്തിയത് ന്യൂസിലാന്‍ഡ് ആണ്. മാത്രമല്ല ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പ് രണ്ട് ടെസ്റ്റുകള്‍ അവര്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നുമുണ്ട്. ഇത് അവര്‍ക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഹോം അഡ്വാന്റേജ് എന്നത് ഇരു ടീമുകള്‍ക്കും ലഭിക്കില്ല. ഇന്ത്യയെ പോലെ തന്നെ മികച്ച ടീമാണ് ന്യൂസിലാന്‍ഡും. അതിനാല്‍ മികച്ച ക്രിക്കറ്റ് പുറത്തെടുക്കുന്നവര്‍ വിജയികളാകും.’

‘ഞങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റുകളൊന്നും സംഭവിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ തോല്‍പ്പിച്ചാണ് ഇന്ത്യ വരുന്നത്. ബോളിംഗ് വിഭാഗത്തിന് അവിടെ നന്നായി ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. എല്ലാവരും ആത്മവിശ്വാസത്തിലാണ്’ ഷമി പറഞ്ഞു.

ജൂണ്‍ 18 മുതല്‍ 22 വരെയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. നിലവില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം നാട്ടില്‍ ക്വാറന്റെയ്നിലാണ്. എട്ട് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 2നാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടും.