മസ്തിഷ്‌കമരണം സംഭവിച്ച് ചികിത്സയിലായിരുന്ന ചേമഞ്ചേരി സ്വദേശിയായ 18കാരൻ യദുകൃഷ്ണ ആറു പേർക്ക് പുതുജീവൻ നൽകി യാത്രയായി. പ്ലസ് ടു വിദ്യാർഥിയായ യദു ഈ മാസം എട്ടിന് വെങ്ങളം പാലത്തിലാണ് വാഹനാപകടത്തിൽപെട്ടത്. ഗുരുതര പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

മകനെ നഷ്ടപ്പെട്ട വേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മാതാപിതാക്കളും സഹോദരിയും മുന്നോട്ട് വരികയായിരുന്നു. യദുകൃഷ്ണയുടെ അച്ഛൻ ചക്കിട്ടക്കണ്ടി മാണിക്യത്തിൽ സുരേഷ്, അമ്മ രേഖ, ഇളയ സഹോദരി യാഷ്മിക എന്നിവരടങ്ങിയ കുടുംബമാണ് അവയവങ്ങൾ ദാനംചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്.

തുടർന്ന് സർജറിയിലൂടെ അവയവങ്ങൾ ദാനം ചെയ്തു. കാസർഗോഡ് സ്വദേശി ആയ 33 വയസുകാരി നസീഫ ഇസ്മയിലിനാണ് യദുവിന്റെ ഹൃദയം നൽകിയത്. യദു കൃഷ്ണന്റെ ഹൃദയം പോലീസ് ഒരുക്കിയ ഗ്രീൻ ചാനൽ വഴി പത്തു മിനിറ്റിനകമാണ് കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ ഡോ. വി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കേരള സർക്കാരിന്റെ അവയ ദാന പദ്ധതിയായ മൃതസഞ്ജീവിനിയിലൂടെ ആണ് ഈ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവയവദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് മറ്റുള്ളവർക്ക് പുതു ജീവൻ നൽകാൻ തീരുമാനിച്ച യദൂകൃഷ്ണന്റെ മാതാപിതാക്കളുടെ സന്മനസ്സ് ആദരിക്കപ്പെടേണ്ടതാണെന്ന് ഡോ. നന്ദകുമാർ പ്രതികരിച്ചു.

വൃക്കകളിലൊന്ന് കൊണ്ടോട്ടിയിലെ 40കാരനാണ് നൽകിയത്. 66 വയസ്സുള്ള രോഗിക്കാണ് കരൾ നൽകിയത്. ബേബി മെമ്മോറിയലിലെ ഡോ. പൗലോസ് ചാലി, ഡോ. ജയമീന പി. എന്നിവർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. രവീന്ദ്രൻ സി, ഡോ. മോഹൻ ലെസ്ലി, ഡോ. ഗംഗപ്രസാദ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.