എം.ജി.ബിജുകുമാർ

”നന്ദേട്ടൻ യക്ഷിയെ ഇത്രയധികം പേടിക്കുന്നതെന്തിനാണ്..?”
സ്കൂൾ പഠനകാലത്ത് അപ്പച്ചിയുടെ മകൾ മിക്കവാറും ചോദിക്കുന്ന ചോദ്യമായിരുന്നു അത്. “അത്… അത്.. എനിക്ക് യക്ഷിയെ ഒത്തിരി പേടിയാ..കുഞ്ചൂ … ” എന്നു പറയണമെന്ന് തോന്നുമെങ്കിലും പറയുമായിരുന്നില്ല.
” ഇതാരാ കുഞ്ചൂ നിന്നോട് പറഞ്ഞു തന്നത് ?
“അത് അമ്മായിയും നന്ദേട്ടൻ്റ കൂട്ടുകാരും എല്ലാം പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്..!
അത് പറഞ്ഞ് അവൾ ചിരിച്ചു.
ഈ അമ്മ എന്തിനാണ് ഇതൊക്കെ അവളോട് പറഞ്ഞത് എന്ന് ഓർത്തു ഞാൻ അതിശയപ്പെടാറുണ്ട്.

രാവിൽ തുറന്നിട്ട ജാലകത്തിലൂടെയെത്തുന്ന തൂവാനച്ചിന്തുകൾ എഴുതി നിറച്ച കടലാസുകളിൽ ചിതറി വീഴുമ്പോൾ കുപ്പിവള കിലുക്കം കേൾക്കുമ്പോലെ തോന്നുമ്പോൾ അത് യക്ഷിയുടേതാവുമോ എന്ന് സംശയിച്ചിട്ടുണ്ട്. ഉറക്കെയുള്ള ചിരി ഉടൻ കേൾക്കും എന്നോർത്തിരിക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ ചില്ലുജാലക വാതിലുകൾ വലിച്ചടയ്ക്കപ്പെടുമ്പോൾ യക്ഷിയുടെ ആഗമനമാകുമെന്ന് ഭയന്നിട്ടുണ്ട്.
വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതുമായ കഥകൾ എല്ലാം പേടിപ്പെടുത്തുന്നതായിരുന്നതിനാൽ യക്ഷിയെ എന്നും എനിക്ക് ഭയമായിരുന്നു.

ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോളുണ്ടായ ഒരു സംഭവമറിഞ്ഞതോടെയാണ് എന്റെ യക്ഷിപ്പേടി എല്ലാവരിലും എത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ച് സ്കൂളിൽ എത്തിയപ്പോൾ രാത്രി ഒമ്പതര കഴിഞ്ഞിരുന്നു. പോറ്റി സാറായിരുന്നു ഞങ്ങളെ എല്ലാവരെയും കലോത്സവത്തിന് കൊണ്ടു പോയിട്ട് തിരിച്ചു സ്കൂളിൽ എത്തിച്ചത്. അവിടെ നിന്നും രണ്ടു കിലോമീറ്റർ നടന്നാലാണ് വീട്ടിലെത്തുക. എല്ലാ വീടുകളിലും വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമം.സ്ട്രീറ്റ് ലൈറ്റുകൾ കത്താറില്ലാത്തതിനാൽ വഴിയിൽ നല്ല ഇരുട്ടായിരുന്നു. സ്വല്പം പേടി ഉണ്ടായിട്ടും വീട്ടിലേക്ക് പതുക്കെ നടന്നു തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പാദസരം കിലുങ്ങുന്ന പോലെ ചെറിയ ശബ്ദം കേൾക്കുന്നതായി തോന്നി. തിരിഞ്ഞുനോക്കാൻ ധൈര്യം ഇല്ല. ഞാൻ അവിടെ നിന്നു. അപ്പോൾ ശബ്ദവും നിലച്ചു. വീണ്ടും നടന്നു തുടങ്ങിയപ്പോൾ ആ കിലുക്കം വീണ്ടും കേൾക്കുന്നു. ദേശദേവനെയും ദേവിയേയും ഒക്കെ മനസ്സിൽ വിളിച്ച് നടന്നു തുടങ്ങി. എന്നിട്ടും ശബ്ദം നിലച്ചില്ല. യക്ഷി ബ്രഹ്മരക്ഷസ് ആണെന്ന് മുത്തശ്ശി പറഞ്ഞിട്ടുള്ളത് മനസ്സിലെത്തി. രക്തം കുടിയ്ക്കുന്ന പിശാചാണത് എന്നോർത്ത് പേടിയോടെ നടന്നു.വീട്ടിലെത്താറായപ്പോൾ ഓടി മുറ്റത്തേക്ക് കയറി. അപ്പോഴും ആ കിലുക്കും കൂടെവരും പോലെ തോന്നി. മുറിയിൽ കയറി ജനലിലൂടെ വെളിയിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. ഒന്നും കഴിക്കാൻ പോലും നിൽക്കാതെ വന്ന വേഷത്തിൽ കിടക്കയിലേക്ക് മറിഞ്ഞു.

മിഴികളെ പൊതിഞ്ഞ് നിദ്രയുടെ ചിറകു മെല്ലെ ചലിച്ച് സ്വപ്നരഥം ഉരുളുന്നുണ്ടായിരുന്നു. ചുവരിലെ ഘടികാരത്തിൽ നിമിഷ സൂചികൾ ചലിച്ചുകൊണ്ടേയിരുന്നു. എന്തോ പേടിപ്പെടുത്തുന്ന സ്വപ്നം കണ്ടു ഞെട്ടിയുണർന്ന ഞാൻ അലറിവിളിച്ചു.
യക്ഷി….യക്ഷി…!
വീട്ടിൽ എല്ലാവരും ഉണർന്ന് എന്റെ അടുത്തേക്ക് ഓടിയെത്തി.
” എന്താടാ എന്തുപറ്റി..?” അമ്മയുടെ ഭയത്തോടെയുള്ള ചോദ്യം.
“യക്ഷി.. .യക്ഷി…..” എന്ന് ഞാൻ പുലമ്പുന്നുണ്ടായിരുന്നു.
“ഇവനേതോ സ്വപ്നംകണ്ടതാ അമ്മേ….! യക്ഷിയേയും പ്രേതത്തിനെയുമൊക്കെ ഇവന് ഭയങ്കര പേടിയല്ലേ..!”
പെങ്ങള് ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞാൻ മുഖമുയർത്തിയില്ല. സ്വപ്നത്തിൻ്റെ ഹാങ്ങോവർ വിട്ടുമാറിയിരുന്നില്ല.

നേരം പുലരുമ്പോൾ എഴുന്നേറ്റ് കട്ടൻകാപ്പിയും കുടിച്ചിരിക്കുമ്പോൾ തലേദിവസം നടക്കുമ്പോൾ കേട്ട കിലുക്കം മനസ്സിൽ നിന്നു പോയിരുന്നില്ല. എണ്ണയും തേച്ച് തോർത്തും സോപ്പുമൊക്കെയെടുത്ത് പലവിധ ചിന്തകൾ കടന്നു പോകുന്ന മനസ്സുമായി പുഴയിലേക്ക് നടന്നു. പെട്ടെന്നാണ് ശ്രദ്ധിച്ചത്, തലേ ദിവസം രാത്രിയിൽ കേട്ട അതേ കിലുക്കം വീണ്ടും കേൾക്കുന്നു. അമ്പരപ്പോടെ തിരിഞ്ഞു നോക്കി. പിന്നിൽ ആരുമില്ല. വീണ്ടും നടന്നപ്പോൾ അതേ ശബ്ദം കേൾക്കുന്നു.
‘അത് എവിടെ നിന്നാണ് വരുന്നത് ” ഒന്നുകൂടി ശ്രദ്ധിച്ചു.അപ്പോഴാണ് ശരിക്കും ഞെട്ടിയത്. കിലുക്കം തൻ്റെ നിക്കറിന്റെ പോക്കറ്റിൽ നിന്നാണ് വരുന്നത്. നടക്കുമ്പോൾ നാണയത്തുട്ടുകൾ കിലുങ്ങുന്നതായിരുന്നു. ഉള്ളിൽ ഭയമുണ്ടായിരുന്നതിനാൽ , രാത്രി അത് തിരിച്ചറിയാൻ കഴിയാഞ്ഞതായിരുന്നു ഈ പൊല്ലാപ്പിനെല്ലാം കാരണം.

നീന്തിത്തുടിച്ച് വിസ്തരിച്ചു കുളിച്ചതിനുശേഷം തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ട്യൂഷന് പോകാനായി കുഞ്ചു നടന്നുവരുന്നത് കണ്ടു. മഞ്ജുള എന്നാണ് പേരെങ്കിലും കുട്ടിക്കാലം മുതലേ അവളെ എല്ലാവരും ഓമനപ്പേരായ ‘കുഞ്ചു” എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ തന്നെയാണ് ഞാനും വിളിക്കാറുള്ളത്. എന്റെ അടുത്തു വന്നപ്പോൾ അവൾ കൈകൊണ്ട് വായ് പൊത്തിപ്പിടിച്ച് ഒന്ന് ചിരിച്ചു. ഞാനാകെ ചൂളിപ്പോയി. വീട്ടിൽ കയറിയിട്ടാണ് ഇവള് വരുന്നതെന്നും യക്ഷിയെ സ്വപ്നം കണ്ട് പേടിച്ച് ഞെട്ടിയുണർന്ന് ബഹളമുണ്ടാക്കിയത് പെങ്ങൾ ഇവളോട് വിസ്തരിച്ച് പറഞ്ഞിട്ടുണ്ടെന്നും എനിക്ക് മനസ്സിലായി. ഞാൻ ഭാവഭേദം പുറത്തു കാട്ടാതെ ഉള്ളിൽ ചമ്മലോടെ മുന്നോട്ടു നടന്നു.

സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് കോളേജിലെത്തുമ്പോഴും യക്ഷിപ്പേടി മാറിയിരുന്നില്ല. അന്നൊരിക്കൽ പാടവരമ്പിലൂടെ നടന്നു വരുമ്പോൾ എതിരെ വന്ന കുഞ്ചു എൻ്റെയടുത്തെത്തിയപ്പോൾ ചോദിച്ചു.
” യക്ഷിയായി ഞാനാണ് വരുന്നതെങ്കിൽ നന്ദേട്ടൻ പേടിക്കുമോ..? ”
അതും ചോദിച്ച് അവൾ ഇമവെട്ടാതെ എൻ്റെ കണ്ണിലേക്ക് നോക്കി.
അവളുടെ കണ്ണിന് എന്തോ കാന്തശക്തിയുള്ളതുപോലെ തോന്നി. ഞാൻ നോട്ടം പിൻവലിച്ച് മറുപടി പറയാതെ മുന്നോട്ട് നടന്നു.
സ്വല്പം നടന്നതിനു ശേഷം ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. കുഞ്ചു നടന്നു പോകുന്നു. സമൃദ്ധമായ നീണ്ട മുടി ഇളകുന്നുണ്ട്. ഇവളുടെ മുടിയും യക്ഷിയേപ്പോലെയാണല്ലോ എന്നു മനസ്സിൽ തോന്നി. ഇവളിനി ശരിക്കും യക്ഷിയാണോ എന്നൊരു ചെറിയ സംശയം ഉള്ളിൽ മിന്നി മറഞ്ഞു. കൂടുതലൊന്നുമാലോചിക്കാതെ ഞാൻ വേഗം വീട്ടിലേക്ക് നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാകപ്പൂവിതളുകളിലുടെ ഓർമ്മകൾ സഞ്ചരിച്ചു കൊണ്ടേയിരുന്നു.
ഉച്ചയൂണും കഴിഞ്ഞ് സഹപാഠികളെല്ലാം കൂടി കോളേജ് വരാന്തയിൽ കഥ പറഞ്ഞിരിക്കുമ്പോൾ ആരോ എൻ്റെ യക്ഷിപ്പേടിയെപ്പറ്റി പറഞ്ഞു ചിരിച്ചു.പിന്നെ അതിനെപ്പറ്റിയായി ചർച്ച.
“യക്ഷി വന്നാലും പേടിക്കാതെ രക്ഷപ്പെടാനുള്ള വഴിയൊക്കെയുണ്ട്…” ചങ്ങാതി വേണു പറയുന്നത് കേട്ട് എല്ലാവരും അത് എന്തെന്നറിയാനായി ആകാംക്ഷയോടെയിരുന്നു.
” യക്ഷി വന്ന് ചുണ്ണാമ്പുണ്ടോന്ന് ചോദിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യപ്പെടും.പിന്നെ വശീകരിക്കാൻ ശ്രമിക്കും. അടുത്ത് വന്ന് ആശ്ളേഷിക്കും..”
അവൻ ഇത്രയും പറഞ്ഞു നിർത്തി.
അപ്പോൾ കേട്ടുകൊണ്ടിരുന്നതിലൊരാൾ അൽപ്പം ശുണ്ഠിയോടെ പറഞ്ഞു.
” അല്ലെങ്കിലും ഇതൊക്കെ എല്ലാവർക്കുമറിയാം, പേടിക്കാതെ രക്ഷപെടാനുള്ള വഴി അറിയാമെങ്കിൽ പറയ് ”
കേട്ടിരുന്നവർക്കും അറിയേണ്ടത് അതു തന്നെയായിരുന്നു.
” പറയാം, തോക്കിൽ കയറി വെടി വെക്കാതെ…”
അവന് ഹരം കയറി. അവൻ വീണ്ടും പറഞ്ഞു തുടങ്ങി.
” യക്ഷി ആശ്ളേഷിക്കുമ്പോൾ നഖം നീണ്ട് നമ്മുടെ ദേഹത്ത് അമർന്ന് രക്തം പൊടിയുമ്പോഴേ യക്ഷിയുടെ ദംഷ്ട്രകൾ നീണ്ടു വരൂ. അപ്പോൾ മാത്രമേ അവൾക്ക് ശക്തിയുണ്ടാവൂ. ആശ്ളേഷിക്കും മുമ്പ് തഞ്ചത്തിൽ കൈകൾ പിറകിലേക്ക് പിടിച്ചങ്ങ് കെട്ടിവെക്കാൻ നോക്കണം.അത് നടന്നാൽ പിന്നെ യാതൊന്നും പേടിയ്ക്കണ്ട.” അവൻ ഗമയിൽ പറഞ്ഞു നിർത്തി.

“ഓ.. പിന്നെ… എന്നാര് പറഞ്ഞു….. ?”
അൽപ്പം കളിയാക്കലോടെയാണ് മായ ചോദിച്ചത്.
“എൻ്റെ മുത്തശ്ശി പറഞ്ഞു തന്നതാ.., നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിച്ചാൽ മതി. കാര്യം സത്യമാവാനേ തരമുളളു. ” അവൻ അല്പം നീരസത്തോടെയാണത് പറഞ്ഞത്.
“ഇതൊക്കെ ശരിയായിരിക്കുമാേ…?
എല്ലാവരിലെയും പോലെ എന്റെയുള്ളിലും ആ ചോദ്യം നിറഞ്ഞു. സ്വപ്നത്തിൽ വന്നാൽ ഇതൊന്നും നടക്കില്ലല്ലോ…! പേടിച്ചു ഞെട്ടിയുണർന്ന് ബഹളം വെക്കാനല്ലേ കഴിയൂ എന്ന ചിന്തയിൽ ഞാനെഴുനേറ്റ് ക്ളാസ് മുറിയിലേക്ക് നടന്നത് ഇന്നും ഓർക്കുന്നുണ്ട്.

അഴിഞ്ഞുലഞ്ഞ പനങ്കുല പോലെയുള്ള കാർകൂന്തൽ, മുറുക്കി ചുവന്ന ചുണ്ടുകൾ, സ്വർണ്ണ നിറമുള്ള കടഞ്ഞെടുത്ത മേനി. കാന്തശക്തിയുള്ള നോട്ടം എന്നിങ്ങനെയൊക്കെയുള്ള യക്ഷിയെ അങ്ങ് പ്രണയിച്ചാൽ രസമായിരിക്കുമെന്ന് ചുമ്മാ നേരമ്പോക്കിനായി ചിന്തിച്ചിട്ടുണ്ട്. ചേർത്ത് പിടിച്ച് കവിളിലൊരു ചുംബനം നൽകിയിട്ട്
“നിന്റെ കവിളിലെ ചുംബനപ്പാടുകൾക്ക് സാക്ഷിയായ്
എന്നും എന്നെ നോക്കി കുണുങ്ങിച്ചിരിക്കുന്ന കമ്മലിനോടും
എനിക്ക് പ്രണയം തോന്നിപ്പോകുന്നു.. ” എന്ന് വിളിച്ചു പറയണമെന്ന് കൗതുകത്തോടെ ഓർത്തിരുന്നിട്ടുണ്ട്. സ്വപ്നങ്ങളിൽ യക്ഷി നിലവിളക്കിൻ്റെ അരണ്ട വെളിച്ചത്തിൽ വാൽകണ്ണാടി നോക്കി അണിഞ്ഞാെരുങ്ങുന്നതു വരെ തെളിഞ്ഞു കണ്ടിട്ടുണ്ട്. എങ്കിലും പിന്നീടെപ്പൊഴൊക്കെയോ കൂർത്ത ദംഷ്ട്രകളും ചോരയൂറുന്ന നാവും സ്വപ്നത്തിൽ കണ്ട് പേടിച്ചു ഞെട്ടിവിറച്ചുണർന്നിട്ടുണ്ട്.

പഞ്ചമി നിലാവ് വീണ രാവിൽ കഥകളിയും കണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഒപ്പം ആരോ നടക്കുന്നതുപോലെ തോന്നി. മരങ്ങൾ തിങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ ഇരുട്ടായതിനാൽ മുഖം വ്യക്തമായില്ല. കൊലുസുകിലുങ്ങുന്ന ശബ്ദം. യക്ഷി തന്നെ, സംശയമില്ല എന്ന് മനസ്സിൽ പറഞ്ഞു. ഓടാനുള്ള ശക്തിയില്ല. മുന്നോട്ട് നടക്കുക തന്നെ. പോക്കറ്റിൽ നിന്നും തീപ്പെട്ടിയെടുത്ത് കയ്യിലിരുന്ന ചുട്ടുകറ്റ കത്തിച്ചു. ആ വെളിച്ചത്തിൽ അടുത്തുള്ള പാലമരം കണ്ടപ്പോൾ ഉള്ളൊന്നു കാളി. ഇലകളുടെ മർമ്മരങ്ങളിലും പേടിപ്പെടുത്തലിനെ ഓർമ്മിപ്പിക്കും പോലെ തോന്നി. കരീലകളിലൂടെ സർപ്പങ്ങൾ ഇഴയുന്ന ശബ്ദം. ഞാൻ ചൂട്ടും വീശി പതുക്കെ നടന്നു.അവൾ തന്റെ തോളിൽ കൈ വെച്ചിട്ട് എന്നോട് ചോദിച്ചു.
“ഞാനൊരു കാര്യം ചോദിച്ചാൽ തരുമോ ?”
ഇവളിപ്പോൾ ചുണ്ണാമ്പുണ്ടോ എന്ന് ചോദിക്കും എന്ന മുൻവിധിയോടെ മറുപടി പറഞ്ഞു.
“പിന്നെന്താ, ചോദിച്ചോളൂ”
ഭയം പുറത്തുകാട്ടാതെയാണ് ഞാൻ അവളോടത് പറഞ്ഞത്. എൻ്റെ പിൻകഴുത്തിലെ നീല ഞരമ്പുകളിലൂടെ അവൾ വിരലോടിച്ചു.
“എനിക്കൊരു ഉമ്മ തരുമോ …? ”
അവളുടെ മൃദുലമായ ശബ്ദം.
എൻ്റെ മനസ്സിലൂടെ പലവിധ ചിന്തകൾ കടന്നു പോയി.
ഉമ്മ വെക്കുമ്പോൾ ആശ്ലേഷിച്ച് പുറത്ത് നഖം ഇറക്കി ദംഷ്ട്രകൾ കഴുത്തിൽ അമർത്തി ചോരകുടിച്ചു കൊല്ലാനാണ് ഉദ്ദേശമെന്ന് ഞാൻ ചിന്തിച്ചു പോയി. അപ്പോഴേക്കും കയ്യിലിരുന്ന ചൂട്ടുകറ്റയിലെ തീ അണഞ്ഞു. ഇരുട്ടിലും ഞാൻ പതുക്കെ മുന്നോട്ടു നടന്നു.ഒപ്പം പാദസരക്കിലുക്കവുമായി അവളും.
ഇനി എങ്ങനെ രക്ഷപ്പെടും??
അപ്പോൾ കോളേജ് പഠനകാലത്ത് ചങ്ങാതി പറഞ്ഞ ഉപായം മനസ്സിലെത്തി. ഇവളുടെ കൈകൾ എങ്ങനെയെങ്കിലും ബന്ധിക്കണം.അതേ ഇനി രക്ഷയുള്ളൂ എന്ന് ഞാൻ ചിന്തിച്ചു.
” എന്താ മിണ്ടാത്തത് ” അവളുടെ കാതരമായ ശബ്ദം വീണ്ടും ചെവിയിലെത്തി.
” തരാം ”
ഞാൻ പേടി പുറത്തുകാട്ടാതെ പറഞ്ഞു. ഒപ്പം വന്ന അവൾ എനിക്ക് അഭിമുഖമായി നിന്നു. “എങ്കിൽ വേഗം തരൂ”
അവൾ മെല്ലെ മൊഴിഞ്ഞു.
” തരാം, പക്ഷേ അതിനു മുമ്പ് ആദ്യം കണ്ണടയ്ക്കണം.”
“ശരി… അടച്ചു. ” അവൾ മന്ദഹസിച്ചു.
“ഇനി കൈകൾ പിന്നിലേക്ക് ചേർത്ത് വെക്കൂ…”
ഞാൻ ബുദ്ധിപൂർവ്വം പറഞ്ഞു.
അവൾ കൈകൾ രണ്ടും പിന്നിലേക്ക് ചേർത്തുപിടിച്ചു.
ഞാൻ മെല്ലെ അവളുടെ ചേലത്തലപ്പ് കൈക്കലാക്കി. എന്നിട്ട് അതുകൊണ്ടവളുടെ കൈകൾ പിന്നിലേക്ക് വെച്ചു ബന്ധിച്ചു.
മേഘക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച ചന്ദ്രൻ പുറത്തുവന്നപ്പോൾ അതിൻറെ പ്രഭ അവളുടെ മുഖത്ത് വീണു. ഞാൻ അത്ഭുതപ്പെട്ടുപോയി. അവൾക്ക് കുഞ്ചുവിൻ്റെ മുഖം. ശരിക്കും കുഞ്ചു യക്ഷിആയിരുന്നോ..? എന്റെയുള്ളിൽ പേടിയും സംശയവും നിറഞ്ഞു.
“പറഞ്ഞത് ഞാൻ അനുസരിച്ചില്ലേ… ഒരു ഉമ്മ തരുമോ?” അവൾ പ്രണയാതുരയായി മൊഴിഞ്ഞു.
ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. ഞങ്ങളുടെ മിഴികളുടക്കി. അവളുടെ കരിങ്കൂവള നയനങ്ങളിൽ നിന്നും നോട്ടം പിൻവലിക്കാൻ കഴിയുന്നില്ല.

“ഇതിനി ശരിക്കും കുഞ്ചുവാണോ?? അവൾ എൻ്റെയൊപ്പം നടന്നുവന്നതാവുമോ…?” എനിക്കാകെ എന്തോ പോലെ തോന്നി.
“എന്തിനാ നന്ദേട്ടാ മടിക്കുന്നേ..?
ഒരു ഉമ്മ തരുന്നേ…!”
അവൾ വീണ്ടും പറഞ്ഞു.
ഞാൻ നന്നായി വിയർത്തു.
അവളുടെ കാലുകൾ നിലത്ത് തൊട്ടിട്ടുണ്ടോന്ന് നോക്കാൻ ധൈര്യം വന്നില്ല.
യക്ഷി എന്തായാലും ഉമ്മ ചോദിക്കില്ല. ഇത് കുഞ്ചു തന്നെ. അവളുടെ പ്രണയം തുറന്നു പറയാൻ ഇതിലൂടെ ശ്രമിച്ചതാവും.
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു. അവളുടെ കവിളിൽ കൈകൾ ചേർത്തു വെച്ച്.മുഖം കോരിയെടുത്തു. മഷിയെഴുതിയ മനോഹരമായ കണ്ണിലേക്ക് തന്നെ ഞാൻ നോക്കി നിന്നു. അവളിലെ പ്രണയം എന്നിലേക്ക് പകരുന്നതായി എനിക്ക് തോന്നി. എന്നിലെ ഭയം വിട്ടൊഴിഞ്ഞു. ചുംബനം കൊതിക്കുന്ന ചുണ്ടുകളിൽ ഞാൻ അമർത്തി ചുംബിച്ചു. അൽപ്പനേരത്തേക്ക് രണ്ടുപേർക്കും ചുണ്ടുകൾക്ക് വിശ്രമം നൽകാൻ കഴിഞ്ഞില്ല. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ ഭാരമേറിയതെന്തോ എൻ്റെ പുറത്തുവന്നു. ഞാൻ ഭയന്ന്
അലറിവിളിച്ചു.
” യക്ഷി….യക്ഷി…. ”
എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. പെട്ടെന്ന് ചുറ്റും വലിയ പ്രകാശം വിടർന്നു.
” നന്ദേട്ടാ… ഏട്ടാ… എന്താ പറ്റിയേ?”
“യക്ഷി… യക്ഷി… ”
വീണ്ടും ഞാൻ പറഞ്ഞുകൊണ്ടേയിരുന്നു.
“നന്ദേട്ടാ…” എന്നു വിളിച്ചു കൊണ്ട് ആരോ കുറച്ച് ജലം മുഖത്തേക്കൊഴിച്ചപ്പോളാണ് ശരിക്കും ബോധം വീണത്. കണ്ണു തുറന്നു നോക്കുമ്പോൾ കുഞ്ചു അരികിൽ കിടക്കയിലിരിപ്പുണ്ട്.
“യക്ഷി.. കുഞ്ചൂ… നീ…യക്ഷി… ” എന്നല്ലാതെ അല്പനേരത്തേക്ക് എനിക്കൊന്നു പറയാൻ സാധിച്ചില്ല.
അവളുടെ കയ്യിലിരുന്ന വെള്ളം വാങ്ങി കുടിച്ചു കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
“നന്ദേട്ടൻ്റെ ബഹളം കേട്ട് മോൻ ഉണർന്നു.എന്നാ ഇനി ഈ യക്ഷിപ്പേടിയൊന്നു മാറുക.അവൾ അത് പറഞ്ഞപ്പോഴാണ് താൻ സ്വപ്നം കണ്ടതാണ് എന്ന് മനസ്സിലായത്.
“നീ ഇത് രാവിലെ അമ്മയോടൊന്നും പറഞ്ഞേക്കല്ലേ…”
ഞാൻ ചമ്മലോടെയാണ് അത് പറഞ്ഞത്.
” അലർച്ചകേട്ട് അമ്മായി ഉണർന്നു കാണും. കാര്യം എന്താണെന്ന് അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് പറയേണ്ടി വരില്ല. അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത്. എന്തുപറയണമെന്നറിയാതെ ഞാൻ കുനിഞ്ഞിരുന്നു.
” മായയക്ഷിയമ്മയുടെ കോവിലിൽ ഉത്സവം നടക്കുകയാണല്ലോ. അവിടെ നിന്നും ഒരു രക്ഷ എഴുതി കെട്ടിക്കണം.” കുഞ്ഞിനെ തൊട്ടിലിൽ കിടത്തിക്കൊണ്ടാണ് അവളത് പറഞ്ഞത്.
” അതൊന്നും വേണ്ടെടീ… ഞാൻ അവളെ നോക്കി പറഞ്ഞു.
“അതു പറഞ്ഞാൽ പറ്റില്ല ഇനി പേടി മാറാൻ അതേയൊരു മാർഗ്ഗയുള്ളൂ.”
അത് പറഞ്ഞപ്പോഴേക്കും ഞാൻ അവളെ കിടക്കയിൽ എന്നിലേക്ക് ചേർത്തിരുത്തി. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കി.
“എനിക്കിനി യക്ഷിയെ പേടിയില്ല കുഞ്ചു… എന്നിലെ യക്ഷിയ്ക്ക് ഇപ്പോൾ നിന്റെ മുഖമാണ്.”
ചെമ്പകം പൂത്ത കാവിൽ വെച്ച് തൻ്റെ പ്രണയം തുറന്നുപറഞ്ഞപ്പോൾ കണ്ട നന്ദേട്ടൻ്റ മുഖം കുഞ്ചുവിൻ്റെ ഉള്ളിൽ നിറഞ്ഞു. ആദ്യമായി നന്ദേട്ടനോട് ഒരു ചുംബനം ചോദിച്ചതും ആ ചെമ്പകച്ചുവട്ടിൽ വെച്ചായിരുന്നു.
” നിന്നെ എനിക്ക് പേടിക്കാൻ കഴിയില്ലല്ലോ, പ്രണയിക്കാനല്ലേ കഴിയൂ.”
അത് പറയുമ്പോൾ കുഞ്ചു ഓർമ്മയിൽ നിന്നുണർന്നു. ഞങ്ങളുടെ കണ്ണുകളുsക്കി. അവളുടെ ചുണ്ടുകൾ തുടിക്കുന്നപോലെ തോന്നി.
അവളുടെ മുഖം കൈകളിൽ കോരിയെടുക്കുമ്പോൾ ചെമ്പകപ്പൂവിൻ്റെ സുഗന്ധം അവിടെമാകെ നിറയുന്നതുപോലെ തോന്നി. അവളുടെ ചുണ്ടുകളിൽ അമർത്തിചുംബിച്ചുകൊണ്ട് കിടക്കയിലേക്ക് വീഴുമ്പോഴും ഉച്ചഭാഷിണിയിലൂടെ ക്ഷേത്രത്തിലെ കഥകളിസംഗീതം ഒഴുകുന്നുണ്ടായിരുന്നു, പനങ്കുല പോലെയുള്ള അവളുടെ മുടിയിൽ തഴുകുമ്പോഴും ചുണ്ടുകൾ വിടർന്നു മാറിയിരുന്നില്ല. മേളപ്പദങ്ങൾ കുഞ്ചുവിൻ്റെ കാതിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. “കുഞ്ചൂ.. ഇപ്പോൾ എൻ്റെയുള്ളിലെ യക്ഷി നീയാണ്.. ” എന്ന വാക്കുകളായിരുന്നു അവളുടെ കാതിൽ. അതോർത്തുകൊണ്ട് അവൾ എന്നെ ഇറുകെ പുണരുമ്പോൾ തൊടിയിലെ വലിയ പനമരമൊന്നുലഞ്ഞു.
പനയോലയ്ക്കുള്ളിൽ നിന്നും വാവലുകൾ ചിറകടിച്ചു പറന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. തപസ്യയുടെ സംസ്ഥാന ചെറുകഥ പുരസ്കാര ജേതാവ് പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്ന കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.