കൊച്ചി: പുതുവൈപ്പ് സമരത്തില്‍ ഉണ്ടായ പോലീസ് നടപടിയില്‍ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചിട്ടില്ലെന്ന് യതീഷ് ചന്ദ്ര. മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായി നല്‍കിയ വിശദീകരണത്തിലാണ് കൊച്ചി മുന്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്തവരെ നീക്കുക മാത്രമാണ് ചെയ്തതെന്നും യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

വിശദീകരണം എഴുതി നല്‍കിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയപ്പോള്‍ പുരുഷന്മാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് നീക്കം ചെയ്തത്. പോലീസ് വാഹനത്തിനു മുന്നില്‍ നിന്ന് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM

ഇവര്‍ മാറാന്‍ തയ്യാറാകാത്തതിനാലാണ് ബലപ്രയോഗം വേണ്ടി വന്നത്. ഹൈക്കോടതിയിലും ഇവര്‍ കയറി പ്രതിഷേധിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പ്രധാനമന്ത്രി വരുന്നതിന് തലേദിവസമായതിനാല്‍ ആ പരിപാടി അലങ്കോലപ്പെടുത്താനും പ്രതിഷേധക്കാര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും യതീഷ് ചന്ദ്ര വിശദീകരിച്ചു.