ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : സ്കൂളിൽ നിന്ന് ലണ്ടനിലേക്ക് യാത്ര പോയ സംഘത്തിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി കോച്ചിൽ തനിച്ചുകഴിഞ്ഞത് ഒരു രാത്രി. പൂളിലെ ബ്രോഡ്‌സ്റ്റോൺ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി സെൻട്രൽ ലണ്ടനിൽ ഒരു പ്രകടനം കാണാൻ എത്തിയത്. എന്നാൽ, ഉറങ്ങിപ്പോയ കുട്ടി വാഹനത്തിൽ ഉണ്ടെന്ന് അറിയാതെ എല്ലാവരും രാത്രി ഹോട്ടൽ മുറികളിലേയ്ക്ക് മടങ്ങി. ഹോട്ടൽ കാർ പാർക്കിലെ പൂട്ടിയ കോച്ചിൽ ആ രാത്രി ഒറ്റയ്ക്കായിരുന്നു കുട്ടി. സംഭവം മാതാപിതാക്കളുടെ ഇടയിൽ പരിഭ്രാന്തി പരത്തി. എല്ലാവരും അവരവരുടെ മുറികളിൽ തിരിച്ചെത്തിയെന്ന് ജീവനക്കാർ വ്യക്തമായി പരിശോധിച്ചിരുന്നില്ല. ഇതാണ് ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചത്. അതേസമയം, കുട്ടി സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നുവെന്നും കാസിൽമാൻ അക്കാദമി ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തെ തുടർന്ന് സ്കൂളിലെ ഒരു കുട്ടിയുടെ രക്ഷിതാവിന്റെ വാക്കുകൾ ഇങ്ങനെ; “ഞാൻ തികച്ചും പരിഭ്രാന്തനായിരുന്നു. ഇത് സംഭവിച്ചുവെന്നത് വിശ്വസിക്കാൻ ആവുന്നില്ല. ജീവനക്കാരുടെ വീഴ്ചയാണിത്.” ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
“ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാൻ രക്ഷിതാക്കളുമായും ജീവനക്കാരുമായും ചേർന്ന് പ്രവർത്തിക്കുന്നു. ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഇതൊരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്കൂൾ സ്വീകരിച്ചിട്ടുണ്ട്. ” പ്രസ്താവനയിൽ പറയുന്നു.
Leave a Reply