ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിന്റെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നു. നിലവിൽ യെല്ലോ അലർട്ട് ആണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളിൽ 100 മീറ്ററിൽ താഴെയെ കാഴ്ച ഉണ്ടാകുകയുള്ളൂവെന്ന് മുന്നറിയിപ്പിൽ പറയുന്നു.
വ്യാഴാഴ്ച രാവിലെ 11 മണി വരെ മൂടൽമഞ്ഞ് നിലനിൽക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിൽ അറിയിച്ചിരിക്കുന്നത്. തെക്കൻ ഇംഗ്ലണ്ടിന്റെയും തെക്കുകിഴക്കൻ മിഡ്‌ലാൻഡ്‌സിന്റെയും ചില ഭാഗങ്ങളിൽ പുലർച്ചെയോടെ മൂടൽമഞ്ഞ് നേർത്തതാകുമെന്ന് മെറ്റ് ഓഫീസ് വെബ്‌സൈറ്റ് അറിയിച്ചു . ഡ്രൈവർമാർ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഫോഗ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ, ഫെറി യാത്ര എന്നിവയെല്ലാം കാലാവസ്ഥയെ ബാധിച്ചേക്കാമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച മഞ്ഞുവീഴ്ച കടുത്ത യാത്രാ ദുരിതത്തിന് വഴി വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാഞ്ചസ്റ്റർ വിമാനത്താവളം അതിന്റെ രണ്ട് റൺവേകളും അടച്ചിട്ടിരുന്നു . അതേസമയം കോൺവാളിലെയും ഡെവണിലെയും റോഡുകളിലെയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മോശം കാലാവസ്ഥ മൂലം ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്കൂളുകളുടെയും പ്രവർത്തനം നിലച്ചിരുന്നു .
Leave a Reply