ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലൈംഗികാരോപണ കുറ്റത്തിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്ന സഹപ്രവർത്തകനെ അനുകൂലിച്ച് സംസാരിച്ച ടോറി എം പി ക്രിസ്പിൻ ബ്ലന്റിനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നു വന്നിരിക്കുകയാണ്. 15 വയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിന് കൺസർവേറ്റീവ് പാർട്ടി എം പി ഇമ്രാൻ അഹ്‌മദ്‌ ഖാൻ കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും എംപി സ്ഥാനം ഒഴിയാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇമ്രാന് വ്യക്തമായ നീതി ലഭിച്ചില്ല എന്നാണ് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ ക്രിസ്പിൻ ബ്ലന്റ് വ്യക്തമാക്കിയത്. അദ്ദേഹത്തിന് ഈ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്. മുൻ നിയമ മന്ത്രി ആയ ക്രിസ്പിൻ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ സുഹൃത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. വെയ്ക്ഫീൽഡിൽ നിന്നുള്ള എം പി യായ ഇമ്രാൻ ഖാൻ 2008 ലാണ് 15 വയസ്സുകാരനായ കുട്ടിയെ തന്റെ വീട്ടിൽ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുവാൻ ശ്രമിച്ചത്.സ്വവർഗാനുരാഗിയായ ഇമ്രാൻ കുട്ടിയെ മദ്യം കുടിക്കാൻ നിർബന്ധിച്ചുവെന്നും, അതിനു ശേഷം അശ്ലീല ദൃശ്യങ്ങൾ കാണുവാൻ പ്രേരിപ്പിച്ചെന്നും ആണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

ക്രിസ്പിന്റെ പ്രതികരണം തികച്ചും അംഗീകരിക്കാൻ ആവുന്നതല്ലെന്നും, അദ്ദേഹത്തിനെതിരെ കൺസർവേറ്റീവ് പാർട്ടി ശക്തമായ നടപടി എടുക്കണമെന്നും ലേബർ പാർട്ടി നേതാവ് അന്നലീസ്‌ ഡോഡ്സ് വ്യക്തമാക്കി. ഇമ്രാൻ ഒരു സ്വവർഗ്ഗാനുരാഗിയാണെന്ന് ലേബലിലാണ് അദ്ദേഹത്തെ വിലയിരുത്തപ്പെട്ടതെന്നും, ഇത് ഇത്തരത്തിലുള്ള ആളുകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഓൾ പാർട്ടി പാർലമെന്റ് ഈ ഗ്രൂപ്പിന്റെ നേതാവായിരിക്കുന്ന ക്രിസ്പിൻ വ്യക്തമാക്കി. എന്നാൽ ലൈംഗികാരോപണ കേസിൽ പ്രതിയാക്കപ്പെട്ടിരിക്കുന്ന ഒരാളെ അനുകൂലിച്ച് സംസാരിച്ച ക്രിസ്പിന്റെ നേതൃത്വം തികച്ചും അനാരോഗ്യം ആണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്.