ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ വടക്കൻ മേഖലകളിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ആർട്ടിക് മേഖലയിൽ നിന്നുള്ള തണുത്ത കാറ്റ് രാജ്യത്തേക്ക് പ്രവേശിച്ചതോടെ ഞായറാഴ്ച രാത്രിയോടെ താപനില കുത്തനെ താഴ്ന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച രാവിലെ 10 മണിവരെ സ്കോട്ട് ലൻഡിന്റെ വടക്കൻ, കിഴക്കൻ മേഖലകളിലും ഇംഗ്ലണ്ടിലെ കുംബ്രിയ, നോർത്തംബർലാൻഡ്, ഡർഹം പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മഞ്ഞുപാളികൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച രാത്രി വരെ ആരോഗ്യ മുന്നറിയിപ്പും നിലവിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിങ്കളാഴ്ച രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും വടക്കൻ ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായിരിക്കും തണുപ്പ് കൂടുതൽ ശക്തമാകുക. ചിലയിടങ്ങളിൽ മഴയും മഞ്ഞുകലർന്ന മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുപാളികൾ രൂപപ്പെടുന്നതോടെ റോഡുകളിലും നടപ്പാതകളിലും സൈക്കിൾ പാതകളിലും യാത്ര അപകടകരമാകാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 4 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. അതേസമയം, തെക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നെത്തുന്ന മഴമേഘങ്ങൾ രാത്രിയോടെ വടക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങും.

ചൊവ്വാഴ്ച അർധരാത്രി മുതൽ ഉച്ചയ്ക്ക് 12 മണിവരെ മിഡ്‌ലാൻഡ്‌സ്, വടക്കുകിഴക്കൻ ഇംഗ്ലണ്ട്, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട്, യോർക്‌ഷെയർ, ഹംബർ മേഖലകൾ, തെക്കുപടിഞ്ഞാറൻ സ്കോട്ട് ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മെറ്റ് ഓഫീസ് മഞ്ഞുവീഴ്ചാ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 5 മുതൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. മറ്റ് പ്രദേശങ്ങളിൽ 1 മുതൽ 5 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഇത് റോഡ്, റെയിൽ ഗതാഗതത്തെ ബാധിക്കുകയും യാത്രാസമയം വർധിപ്പിക്കുകയും വൈദ്യുതി തടസ്സത്തിന് കാരണമാകുകയും ചെയ്യാം. എന്നാൽ തെക്കൻ ഇംഗ്ലണ്ടിൽ താരതമ്യേന ചൂടേറിയ കാലാവസ്ഥയും ശക്തമായ കാറ്റും മഴയുമായിരിക്കും അനുഭവപ്പെടുക. വടക്കൻ മേഖലകളിലെ തണുപ്പും തെക്കൻ മേഖലകളിലെ താരതമ്യേന ചൂടേറിയ കാലാവസ്ഥയും ആഴ്ചയുടെ മധ്യത്തിലും തുടരാനാണ് സാധ്യത.