ന്യൂസ് ഡെസ്ക്, മലയാളം യുകെ ന്യൂസ്
യോർക്ഷയറിലെ ഹറോഗേറ്റിൽ പ്രവർത്തിക്കുന്ന യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ സംരംഭമായ ഫുഡ് ഫെസ്റ്റും അതിനോടനുബന്ധിച്ചുള്ള നാല് മൈൽ നടത്തവും ജൂൺ 23 ഞായറാഴ്ച്ച റിപ്പണിൽ നടക്കും.
റിപ്പൺ സ്റ്റഡ്ലി റോയൽ ക്രിക്കറ്റ് ക്ലബിൽ ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ഫുഡ് ഫെസ്റ്റ് ആരംഭിക്കും. ഡോ. അഞ്ചു ഡാനിയേൽ ഫുഡ് ഫെസ്റ്റ് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. ഫുഡ് ഫെസ്റ്റിനോട് അനുബന്ധിച്ചു നടക്കുന്ന നാല് മൈൽ നടത്തം ഡോ. സിബു മുകുന്ദൻ ഫ്ലാഗോഫ് ചെയ്യും. സ്ഥിരമായ നടത്തവും മനുഷ്യ ജീവനും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സുധിൻ ഡാനിയേൽ സന്ദേശം നൽകും.
യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ അകത്തുന്നിന്നും പുറത്തു നിന്നുമായി നൂറ് കണക്കിനാളുകൾ രുചികരമായ ഭക്ഷണം ആസ്വദിക്കാൻ റിപ്പണിൽ എത്തിച്ചേരും. കേരള സ്റ്റൈൽ, നോർത്തിന്ത്യൻ സ്റ്റൈൽ തുടങ്ങി ചൈനീസ് രുചികളും ഫുഡ് ഫെസ്റ്റിൻ്റെ പ്രധാനയിനങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ലൈവായി പാചകം ചെയ്തു കൊടുക്കുന്ന നിരവധിയായ വിഭവങ്ങളാണ് ഫുഡ് ഫെസ്റ്റിൽ പങ്കെടുക്കാനെത്തുന്നവരെ കാത്തിരിക്കുന്നത്. ഫുഡ് ഫെസ്റ്റിലെ ഭക്ഷണങ്ങൾ വളരെ മിതമായ നിരക്കിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളുകളിൽ നിന്നും ലഭ്യമാണ്.
വളരെ രുചികരമായ ഭക്ഷണത്തോടൊപ്പം ആസ്വാദന പ്രാധാന്യമുള്ള നിരവധി ഫൺ ഗെയിംസും സംഘാടകർ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഫൺ ഗെയിംസ് ജോയിൻ്റ് സെക്രട്ടറി ഗ്ലാഡിസ് പോളിൻ്റെ നേതൃത്വത്തിൽ ഈവൻ്റ് കോർഡിനേറ്റേഴ്സായ സിജിമോൾ കരേടൻ, ബെൻസ് തോമസ്സ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റും ഫൺ ഗെയിംസും രണ്ട് മണിയോടെ അവസാനിക്കും. തുടർന്ന് നാല് മൈയിൽ ദൈർഘ്യമുള്ള കൂട്ടായ നടത്തം ആരംഭിക്കും.
ഡീയർ പാർക്കിന് സമീപത്തുകൂടിയുള്ള സെവൻ ബ്രിഡ്ജസ് വാക്കിംഗ് റൂട്ടിന് നാല് മൈൽ ദൂരമുണ്ട്. സർക്കുലർ വാക്കാണിത്. തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തും. ഏഴ് ബ്രിഡ്ജസ് ക്രോസ് ചെയ്താണ് നടക്കുക. യാത്രയ്ക്കിടയിൽ യൂറോപ്പിൻ്റെ ചരിത്രത്തിലിടം നേടിയ പല ഇൻഫെർമേഷനും അറിയാനുള്ള അവസരവും ഉണ്ട്. കൂടാതെ പണ്ടെങ്ങോ നടന്ന പ്രകൃതി ദുരന്തത്തിൽ കടപുഴകി വീണ ഒരു മരവും കാണാം. വീണു കിടക്കുന്ന മരം നിറയെ പുതിയതും പഴയതുമായ ഇംഗ്ലണ്ടിലെ ചെമ്പു നാണയങ്ങൾ അടിച്ചു കയറ്റിയിരിക്കുകയാണ്. അത്യധികം ആകാംഷയുണർത്തുന്ന ഈ കാഴ്ച്ച നാല് മൈൽ വാക്കിലെ പ്രധാനയിനമാണ്. ഇങ്ങനെ നാണയങ്ങൾ മരത്തിൽ അടിച്ചു കയറ്റിയാൽ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കും എന്നാണ് ഇവിടുത്തുകാർ ഇപ്പോഴും വിശ്വസിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ നാണയങ്ങൾ മുതൽ ബ്രട്ടീഷ് രാജകുടുംബത്തിൻ്റെ ആദ്യ തലമുറക്കാരുടെ ചിത്രങ്ങളങ്ങിയ നാണയങ്ങൾ വരെ വീണു കിടക്കുന്ന ഈ മരത്തിലുണ്ട് എന്നത് ബ്രട്ടീഷുകാരുടെ ആഴത്തിലുള്ള വിശ്വാസത്തിൻ്റെ വ്യക്തമായ തെളിവാണ്. കൂടാതെ ചരിത്രങ്ങൾ ഉറങ്ങുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും മീൻ വളരുന്ന ജലസംഭരിണിയും നാല് മൈൽ നടത്തത്തിനിടയിലെ ആസ്വാദന സുഖമുള്ള കാഴ്ചകളാണ്. നാല് മൈൽ ദൈർഘ്യമുള്ള ചാരിറ്റി വാക്ക് അഞ്ച് മണിയോടെ തുടങ്ങിയടുത്തു തന്നെ എത്തിച്ചേരും. തുടർന്ന് ചെറിയൊരു ചായ സൽക്കാരത്തോടെ ഫുഡ് ഫെസ്റ്റ് അവസാനിക്കും.
ബിനോയ് അലക്സ് പ്രസിഡൻ്റായ അസ്സോസിയേഷനിൽ സിനി ജയൻ സെക്രട്ടറിയും ജോഷി ജോർജ്ജ് ട്രഷറർ, ഗ്ലാഡിസ് പോൾ ജോയിൻ്റ് സെക്രട്ടറിയും കുരിയൻ പൈലി ജനറൽ കോർഡിനേറ്ററുമാണ്. കൂടാതെ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ഈവൻ്റ് കോർഡിനേറ്ററുമാരായ ടീമാണ് 2024 – 2026 കാലഘട്ടത്തിൽ യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ നയിക്കുക.
ഫുഡ് ഫെസ്റ്റിൻ്റെയും നാല് മൈൽ നടത്തത്തിൻ്റെയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യോർക്ഷയർ കേരള കമ്മ്യൂണിറ്റി പ്രസിഡൻ്റ് ബിനോയ് അലക്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
Leave a Reply