ഓസ്ട്രേലിയയിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ക്രിക്കറ്റിൽ മോശം പെരുമാറ്റത്തിനെതിരായ നടപടികൾ ശക്തമാക്കുന്നതിനു പുതിയ നിയമങ്ങൾ വരുന്നെന്ന വാർത്ത വന്നതിനു പിന്നാലെയാണ് ഓസ്ട്രേലിയയിൽ നടന്ന ഈ പ്രാദേശിക മത്സരത്തിൽനിന്നുള്ള ദൃശ്യങ്ങൾ പുറത്തുവരുന്നത്.
വിക്ടോറിയയിലെ യാക്അൻഡാദിൽ നടന്ന മത്സരത്തിനിടെയാണു സംഭവം. യകൻദാദ് ടീമിലെ ബൗളർ എതിരാളികളായ എസ്ക്ഡേൽ ക്രിക്കറ്റ് ക്ലബിന്റെ ബാറ്റ്സ്മാനെ ഔട്ടാക്കുന്നു. ബാറ്റ്സ്മാന്റെ മുന്നിൽനിന്നു പ്രകോപനപരമായ ആഹ്ലാദം കാണിക്കുന്ന ബൗളറെ അദ്ദേഹം ഷോർഡർ കൊണ്ട് ഇടിച്ചു പിച്ചിൽ ഇടുന്നു. ഇതു കണ്ടു നിന്ന ഒരു ഫീൽഡർ ബാറ്റ്സ്മാനെ മർദിക്കുന്നു – ഇതാണു വിഡിയോയിലുള്ളത്.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഉൾപ്പെട്ട കളിക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് ക്രിക്കറ്റ് അൽബറി വൊഡോംഗ അസോസിയേഷൻ അറിയിച്ചു. അടുത്ത വർഷം ജനുവരിവരെ കളിക്കാർക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട് തയാറായെന്നാണു സൂചന.