ആഡംബരകാറുകള്‍ വ്യാജമേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ തെന്നിന്ത്യന്‍ താരം അമലാപോളിനു പിന്നാലെ യുവനടന്‍ ഫഹദ് ഫാസിലും കുടുക്കില്‍. വ്യാജമേല്‍വിലാസം ഉപയോഗിച്ച് ഫഹദ് ഫാസില്‍ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി കണ്ടെത്തി.
മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-059899 ആഡംബര കാര്‍ ബെന്‍സ് പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തി. ഫഹദ് ഫാസില്‍, നമ്പര്‍ 16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ഈ മേല്‍വിലാസത്തില്‍ ഒരു വാടക കുടുംബമാണ് താമസിക്കുന്നത്. ഫഹദ് ഫാസില്‍ എന്നൊരാളെ തങ്ങള്‍ക്കറിയില്ലെന്ന് ഇവര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ആംഡബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ പതിനാല് ലക്ഷം രൂപ നികുതി നല്‍കേണ്ടി വരുമ്പോള്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി.
എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടമാണ് വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത് വഴി താരങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
തെന്നിന്ത്യന്‍ താരം അമല പോളും തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലാണ്. നടിയ്ക്ക് നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരിലേക്കു മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.
ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ വാഹനമോടിക്കാന്‍ 1500 രൂപയുടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്താല്‍ മതിയാവും. രജിസ്‌ട്രേഷന്‍ മാറ്റാതെയോ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇത്തരം വാഹനം നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കാനും വ്യവസ്ഥയുണ്ട്.
Leave a Reply