90 കളില്‍ മലയാള സിനിമയില്‍ പേരെടുത്ത ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.
രണ്ടുവര്‍ഷം മുമ്പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.
‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല’
റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ ഒരുവട്ടം മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ മോഹന്‍ലാലിനെ കണ്ടിരുന്നു.
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വേ വെയ്ന്‍സ്റ്റീന് എതിരെയുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ മീ ടൂ ക്യാമ്പെയിനിലൂടെ നിരവധി സെലിബ്രിറ്റികളാണ് തങ്ങള്‍ക്കുണ്ടായ പീഡനാനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ തുറന്നടിച്ചത്.കേരളത്തിലും ക്യാമ്പെയിനിന്റെ അനുരണനങ്ങള്‍ ഉണ്ടായി.
Leave a Reply