സ്‌നേഹത്തിന് മുന്‍പില്‍ പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന്‍ മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.

കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.

ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.

അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.

അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.