ലക്നോ: ട്രെയിൻ യാത്രയ്ക്കിടെ ഉത്തർപ്രദേശിൽ ക്രൈസ്തവ യുവസന്യാസിനിമാർക്ക് നേരെ ബജ്റംഗ്ദൾ ആക്രമണം. മതംമാറ്റ നിരോധന നിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കാനും ശ്രമമുണ്ടായി. സന്യസ്തവസ്ത്രം മാറിയാണ് ഹിന്ദുത്വ തീവ്രവാദികളിൽ നിന്നും രക്ഷപെട്ട് സന്യാസിനിമാർ സംസ്ഥാനം വിട്ടത്.
മാർച്ച് 19നായിരുന്നു സംഭവം. തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ (എസ്എച്ച്) ഡൽഹി പ്രൊവിൻസിലെ നാല് സന്യാസിനിമാരാണ് ആക്രമണത്തിന് ഇരയായത്. ഡൽഹിയിൽ നിന്നും ഒഡീഷയിലേക്കുള്ള യാത്രയ്ക്കിടെ യുപിയിലെ ത്സാൻസിയിൽ വച്ചായിരുന്നു ആക്രമണം.
ഒഡീഷയിൽ നിന്നുള്ള രണ്ടു യുവസന്യാസിനിമാരെ വീട്ടിലെത്തിക്കാനാണ് മലയാളി ഉൾപ്പടെ മറ്റ് രണ്ടു സന്യാസിനിമാർ കൂടെപോയത്. പോസ്റ്റുലന്റ്സ് ആയിരുന്നതിനാൽ രണ്ടു സന്യാസിനിമാർ സാധാരണ വേഷത്തിലും മറ്റ് രണ്ടു പേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്.
തേർഡ് എസി കമ്പാർട്ടുമെന്റിലായിരുന്നു സന്യാസിനിമാരുടെ യാത്ര. ത്സാൻസിയിൽ എത്തിയപ്പോൾ, തീർഥാടനം കഴിഞ്ഞെത്തിയ ഒരുകൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ, മതംമാറ്റാൻ രണ്ടു പെൺകുട്ടികളെ കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ആക്രമണത്തിന് മുതിർന്നത്. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് വിശദീകരിച്ചിട്ടും അക്രമികൾ പിന്മാറാൻ തയാറായില്ലെന്ന് സന്യാസിനിമാർ പറഞ്ഞു.
പിന്നീട് അക്രമികൾ മതംമാറ്റാൻ ആളുകളെ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം പോലീസിന് കൈമാറി. ത്സാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് ട്രെയിനിനുള്ളിൽ പ്രവേശിച്ച് സന്യാസിനിമാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ വനിതാ പോലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്ന് നിലപാടെടുത്ത സന്യാസിനിമാരെ പോലീസ് ബലംപ്രയോഗിച്ച് ട്രെയിനിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ആധാർ ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകളെല്ലാം കാണിച്ചെങ്കിലും അക്രമികൾക്കൊപ്പം കൂടി പോലീസും മോശമായി പെരുമാറുകയായിരുന്നുവെന്ന് സന്യാസിനിമാർ പറഞ്ഞു.
ട്രെയിനിൽ നിന്നും സന്യാസിനിമാർ പുറത്തിറങ്ങിയതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി 150 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ സ്റ്റേഷനിൽ എത്തി. അവിടെ നിന്നും അക്രമികളുടെ ആർപ്പുവിളികളോടെയാണ് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്.
സന്യാസിനിമാരെ പോലീസ് കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ഡൽഹിയിലെ സന്യാസിനിമാർ അഭിഭാഷകൻ കൂടിയായ വൈദികന്റെ സഹായത്തോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടാണ് യുവസന്യാസിനിമാരെ മോചിപ്പിച്ചത്.
രാത്രി 11 ഓടെയാണ് ഇവർക്ക് പോലീസ് സ്റ്റേഷൻ വിടാൻ കഴിഞ്ഞത്. പിന്നീട് ഇവരെ ത്സാൻസിയിലെ ബിഷപ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. ത്സാൻസിയിലെ വൈദികരുടെ സമയോചിതവും ബുദ്ധിപൂർവവുമായ ഇടപെടലിലൂടെയാണ് യുവസന്യാസിനിമാരെ കള്ളക്കേസിൽ കുടുക്കുന്നതിൽ നിന്നും രക്ഷിക്കാനായത്.
കുറഞ്ഞ സമയത്തിനുള്ളിൽ 150 ഓളം ആളുകൾ സ്റ്റേഷനിൽ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിന് പിന്നിലും വൻ ഗുഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നു.
Leave a Reply