ഉത്തര്‍പ്രദേശിലെ ബദായൂമിലുള്ള അംബേദ്കര്‍ പ്രതിമയെ ഇരുമ്പുകൂട്ടിലടച്ച് പൊലീസിന്റെ കര്‍ശന സുരക്ഷ. ദിവസങ്ങള്‍ക്കുമുമ്പ് ഉത്തരേന്ത്യയില്‍ അംബേദ്കര്‍ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപി പൊലീസിന്റെ ഈ കര്‍ശന സുരക്ഷ.

അതേസമയം, പ്രതിമ ആരാണ് ഇരുമ്പ് കൂട്ടിനുള്ളിലാക്കിയതെന്ന് അറിയില്ലെന്നാണ് പൊലീസ് ഭാഷ്യം. അംബേദ്കര്‍ പ്രതിമകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മൂന്ന് ഹോംഗാര്‍ഡുകളെ പ്രതിമയ്ക്ക് മുമ്പില്‍ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി ദിനം വരെ പ്രതിമയ്ക്ക് സുരക്ഷ നല്‍കാനാണ് പൊലീസ് പദ്ധതിയിട്ടിരിക്കുന്നത്. 24 മണിക്കൂറും സുരക്ഷ ഒരുക്കുന്നതിനായാണ് മൂന്ന് ഹോംഗാര്‍ഡുകളെ നിയോഗിച്ചിരിക്കുന്നതെന്നും സര്‍ക്കിള്‍ ഓഫീസര്‍ വിരേന്ദ്ര സി്ംഗ് യാദവ് പറഞ്ഞു.

ബദായൂമില്‍ ജില്ലാ ഭരണകൂടം അംബേദ്കര്‍ പ്രതിമ കാവി നിറം പൂശി സ്ഥാപിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ പ്രതിമയുടെ നിറം മാറ്റിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു . ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിമയുടെ കാവിനിറം മാറ്റി നീല നിറം പൂശിയത്. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തല്ലിത്തകര്‍ത്തതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം സ്ഥാപിച്ച പുതിയ പ്രതിമയാണ് വിവാദത്തിന് ഇടയാക്കിയത്.

മാത്രമല്ല, അടുത്തിടെ ഭീംറാവു അംബേദ്കര്‍ എന്ന പേര് ഭീംറാവു റാംജി അംബേദ്കര്‍ എന്ന് മാറ്റിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്.