ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ വീടുടമകൾക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. അടുത്ത വർഷം ജൂലൈയോടെ 356,000 മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും, ജീവിത ചിലവുകൾ പ്രതിസന്ധി ഉണ്ടാക്കാൻ ഇടയുണ്ടെന്നും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) പറഞ്ഞു. 18 നും 34 നും ഇടയിൽ പ്രായമുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് റെഗുലേറ്റർ പറഞ്ഞു. 570,000 ആളുകൾക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ.

മോർട്ട്ഗേജ് കടം വാങ്ങുന്നവരെ അവരുടെ മൊത്ത ഗാർഹിക വരുമാനത്തിന്റെ 30%-ത്തിൽ കൂടുതൽ മോർട്ട്ഗേജ് പേയ്‌മെന്റുകളിലേക്കാണ് പോകുന്നതെങ്കിൽ പ്രശ്നം ബാധിക്കുമെന്നും എഫ് സി എ മുന്നറിയിപ്പ് നൽകുന്നു. ചെറുപ്പക്കാരായ വീട്ടുടമസ്ഥരും ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിലും താമസിക്കുന്നവരും ഇതിൽ ഉൾപെടും. ഈ ഗ്രൂപ്പിനുള്ളിൽ, ഒരു ഫിക്സഡ്-റേറ്റ് ഡീൽ ഓഫ് ചെയ്യുന്നവർക്ക് ഒരു പുതിയ മോർട്ട്ഗേജ് ഡീൽ പ്രകാരം പ്രതിമാസം ശരാശരി £340 അധികമായി നൽകാം. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കിന്റെ വിപണിയിലെ മാറ്റങ്ങൾ ഇതിനെ സാരമായി ബാധിച്ചേക്കാം.

പലിശനിരക്കിലെ വ്യതിയാനങ്ങളും ഇതിനെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 200,000 വീട്ടുടമസ്ഥർക്ക് പേയ്‌മെന്റുകൾ നഷ്‌ടമായതായി എഫ്‌സി‌എ വ്യക്തമാക്കി.തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ നിയമപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ മുന്നറിയിപ്പിനെ ഗൗരവമായിട്ടാണ് ആളുകൾ സമീപിക്കുന്നത്. മിനി ബഡ്ജ്റ്റിന് ശേഷമാണ് അവസ്ഥ ഇത്രയും ഗുരുതരമായത്. അപ്രതീക്ഷിതമായി പലിശനിരക്കും, വായ്പ തിരിച്ചടവും ഉയർന്നത് തിരിച്ചടിയായി.