ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് കാലത്ത് വീടുകളിൽ തളച്ചിടപ്പെട്ടപ്പോൾ പ്രാർത്ഥനയ്ക്കായി പതിവിലും കൂടുതൽ സമയം യുവജനങ്ങൾ ചിലവഴിച്ചതായി കണ്ടെത്തൽ . സാധാരണ പ്രായമായവരിൽ കൂടുതലും പ്രാർത്ഥനയും ഭക്തിയും ഉള്ളതായാണ് പൊതുവേയുള്ള ധാരണ. എന്നാൽ സർവ്വേയുടെ കണ്ടെത്തൽ തിരിച്ചാണ് . പ്രായമായവർ പതിവായി പ്രാർത്ഥിക്കുന്നതിൻ്റെ ഇരട്ടി സമയമാണ് യുകെയിലെ ചെറുപ്പക്കാർ പ്രാർത്ഥനയ്ക്കായി ചെലവഴിച്ചതെന്നാണ് സർവ്വേ ഫലം പറയുന്നത്.
18 നും 34 വയസ്സിനും ഇടയിൽ പ്രായമുള്ള 51 ശതമാനം ആൾക്കാരും മാസത്തിലൊരിക്കലെങ്കിലും പ്രാർത്ഥിക്കുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. എന്നാൽ 55 വയസ്സിനു മുകളിൽ പ്രായമുള്ള 24 ശതമാനം ആളുകൾ മാത്രമാണ് മാസത്തിലൊരിക്കലെങ്കിലും പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുന്നുള്ളൂ . 6 ശതമാനം മാത്രം പ്രായമായവർ മാസത്തിൽ ഒരിക്കൽ ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോൾ ചെറുപ്പക്കാരിൽ 40 ശതമാനം പേരും ആത്മീയമായ ആവശ്യങ്ങൾക്കായി ആരാധനാലയങ്ങളിൽ പോകുന്നവരാണ്. റിസർച്ച് കൺസൾട്ടന്റായ സവന്ത കോംറസ് നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
പകർച്ചവ്യാധി സമയത്ത് നടത്തപ്പെട്ട ഓൺലൈൻ ആരാധനാ സമ്പ്രദായങ്ങൾ മേൽപ്പറഞ്ഞ കണക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സവന്തയുടെ അസോസിയേറ്റ് ഡയറക്ടർ ക്രിസ് ഹോപ്കിൻസ് കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ ജനസംഖ്യയിൽ വന്ന മാറ്റങ്ങളിലേയ്ക്ക് സർവ്വേ ഫലം വിരൽ ചൂണ്ടുന്നുണ്ട് . മത ന്യൂനപക്ഷ വിശ്വാസത്തിൽപ്പെട്ടവരുടെ ജനസംഖ്യ വർധിക്കുന്നതും ആ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് കർശനമായ മത വിശ്വാസ പരിശീലനം നൽകുന്നതും സർവ്വേയിൽ പ്രതിഫലിക്കുന്നതായാണ് വിലയിരുത്തുന്നത് . പകർച്ചവ്യാധികളാൽ വീട്ടിൽ തളച്ചിടപെട്ടപ്പോൾ വെർച്ച്വൽ പ്രാർത്ഥനകളും സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമായത് ഒട്ടേറെ യുവതി യുവാക്കളെ പ്രാർത്ഥനയിലേയ്ക്ക് കൊണ്ടുവന്നതായാണ് മറ്റൊരു വിലയിരുത്തൽ .
Leave a Reply