ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിൽ നിന്ന് യുവ സഹോദരിമാരായ അസ്നയെയും സനയെയും വിജയകരമായി ഒഴിപ്പിച്ചു. ഇംഗ്ലണ്ടിൽ ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവർ തയ്യാറെടുക്കുമ്പോൾ കാബൂളിൽ നിന്നുള്ള ബ്രിട്ടീഷ് രക്ഷാദൗത്യങ്ങളുടെ വിജയത്തിന് മാറ്റ് കൂടുകയാണ്. അഫ്ഗാനിസ്ഥാൻ പ്രചാരണകാലത്ത് ഒരു വിവർത്തകനായി ജോലി ചെയ്ത് ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച വ്യക്തിയാണ് അവരുടെ പിതാവ് നൂരാഘ ഹാഷിമി. ആയിരത്തോളം ആളുകൾ നിറഞ്ഞ സ്ഥലത്തു നിന്ന്, അഫ്ഗാനിൽ നിന്നും എങ്ങനെ രക്ഷ നേടാൻ തങ്ങൾക്ക് സാധിച്ചുവെന്ന കാര്യത്തിൽ അവർ ഇപ്പോഴും അശ്ചര്യപ്പെടും. എന്നാൽ അവരുടെ പിതാവിനെ സംബന്ധിച്ചിടത്തോളം, കാബൂളിൽ നിന്ന് ബ്രിട്ടനിലേക്കുള്ള ആർഎഎഫ് വിമാനം ഒരു ജീവനാഡിയായിരുന്നു. കാരണം ബ്രിട്ടീഷ് സൈന്യത്തിനുള്ള സുപ്രധാന പിന്തുണ കാരണം താലിബാൻ തന്നെ കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
6,000 യുകെ പൗരന്മാരെയും യോഗ്യരായ അഫ്ഗാനികളെയും പുറത്തെത്തിക്കുന്നതിനുള്ള പദ്ധതികൾ മന്ത്രിമാർ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ 7,000 പേരെ രക്ഷിക്കാൻ ബ്രിട്ടന് താൽപ്പര്യമുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. പട്ടാളക്കാരിൽ നിന്നും താലിബാനിൽ നിന്നുമുള്ള വെടിവെപ്പ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പാസ്പോർട്ട് ഉടമകൾ അടച്ചിട്ട വാതിലിനു പിന്നിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മാതാപിതാക്കളെ പ്രവേശിപ്പിക്കുമ്പോൾ എയർപോർട്ടിന് പുറത്തുള്ള സംഘർഷത്തിൽ ഉപേക്ഷിക്കപ്പെട്ട രണ്ട് കുട്ടികളുടെ കരച്ചിൽ ഐടിഎൻ വാർത്താ സംഘം ചിത്രീകരിച്ചു.
ബ്രിട്ടന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ താൻ കൊല്ലപ്പെടുമായിരുന്നുവെന്ന് ഹെൽമണ്ട് പ്രവിശ്യയിൽ റോയൽ എഞ്ചിനീയർമാർക്കൊപ്പം സേവനമനുഷ്ഠിച്ച ഹാഷിമി പറഞ്ഞു. യൂണിഫോം ധരിച്ച ബ്രിട്ടീഷ് സൈന്യം അസ്നയെയും സനയെയും മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ച് സ്കാൻ ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ഒരു വിവർത്തകനാണെന്ന കാര്യം എല്ലാവർക്കും അറിയാം. അതിനാൽ ഭയം ഉണ്ട്.” ഹാഷിമിയെയും കുടുംബത്തെയും ഒരു ആർഎഎഫ് വിമാനത്തിൽ കയറ്റി, മറ്റ് 130 ഓളം പേരോടൊപ്പം ഇന്നലെ ബ്രിട്ടനിൽ എത്തിച്ചു. സതേൺ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ കുടുംബം പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply