ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യുകെയിൽ ബൈബിൾ വിൽപ്പന ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. 2025ൽ ബൈബിൾ വിൽപ്പന 2019 മായി താരതമ്യം ചെയ്യുമ്പോൾ 134 ശതമാനം വർധിച്ചതായി പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം യുകെയിൽ ബൈബിൾ വിൽപ്പനയിൽ 6.3 മില്യൺ പൗണ്ടിന്റെ ഇടപാടാണ് നടന്നത്. ക്രിസ്ത്യൻ പ്രസാധകരായ എസ്.പി.സി.കെ ഗ്രൂപ്പ് നീൽസൺ ബുക്ക്സ്കാൻ ഡേറ്റയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ദീർഘകാല ഇടിവിന് ശേഷം ബൈബിൾ വിൽപ്പനയിൽ വ്യക്തമായ ഉണർവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

ഈ വർധനയ്ക്ക് പിന്നിൽ പ്രധാനമായും യുവതലമുറയാണെന്ന് പുസ്തകവ്യാപാരികളും പഠന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. ക്രിസ്തീയ പശ്ചാത്തലമില്ലാത്ത, സഭയുമായോ മതപരമായ പഠനങ്ങളുമായോ ബന്ധമില്ലാത്ത നിരവധി യുവാക്കൾ ആദ്യമായാണ് ബൈബിൾ വായിക്കാൻ എത്തുന്നതെന്ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിക്ക് സമീപമുള്ള ചർച്ച് ഹൗസ് ബുക്ക് ഷോപ്പിന്റെ റീട്ടെയിൽ ഡയറക്ടർ ഓഡ് പാസ്കിയർ പറഞ്ഞു. ജീവിതത്തിന്റെ അർഥവും ആത്മീയതയും തേടുന്ന യുവാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ സ്വാധീനങ്ങളിലൂടെയും ആത്മീയ യാത്ര ആരംഭിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ബൈബിൾ വിൽപ്പനയിലെ ഉയർച്ച ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ സഭകളിലെ ആരാധനാ സാന്നിധ്യ വർധനയുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. 2018നു ശേഷം സഭയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ശതമാനം വർധിച്ചതായി ബൈബിൾ സൊസൈറ്റി റിപ്പോർട്ട് പറയുന്നു. 18–24 പ്രായക്കാർക്കിടയിൽ സഭാ സാന്നിധ്യം 2018ലെ 4 ശതമാനത്തിൽ നിന്ന് 2024ൽ 16 ശതമാനമായി ഉയർന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ–സാമൂഹിക അസ്ഥിരതകൾ, കോവിഡ് , മാനസികാരോഗ്യ പ്രതിസന്ധികൾ എന്നിവ യുവാക്കളെ ആത്മീയതയിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ വിലയിരുത്തുന്നു.











Leave a Reply