അഫീല്‍ എന്ന വാക്കിന് അര്‍ഥം പ്രകാശം എന്നാണ്. ജീവിതത്തില്‍ എന്നും പ്രകാശം പരത്തുന്നവനാകണം മകന്‍ എന്നോര്‍ത്താണ് ജോണ്‍സണ്‍ ജോര്‍ജ്ജും ഡാര്‍ളിയും ആദ്യത്തെ കണ്‍മണിക്ക് ആ പേരിട്ടത്. എന്നാല്‍ 2019 ഒക്ടോബര്‍ 21-ന് ആ പ്രകാശം പൊലിഞ്ഞു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ തലയില്‍ ഹാമര്‍ പതിച്ച് അഫീല്‍ അവരുടെ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോയി.
ജോണ്‍സണ്‍ന്റേയും ഡാര്‍ളിയുടേയും മുന്നില്‍ വരണ്ട ദിനങ്ങള്‍ മാത്രമാണ് പിന്നീടുണ്ടായിരുന്നത്. ഉച്ചവെയിലില്‍ ചുട്ടുപൊള്ളുന്ന അത്‌ലറ്റിക് ട്രാക്കുകളേക്കാളും ചൂടുണ്ടായിരുന്നു ഡാര്‍ളിയുടെ കണ്ണീരിന്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മകന്റെ ചിത്രങ്ങള്‍ മാറ്റി മാറ്റി പോസ്റ്റ് ചെയ്ത് ആ അമ്മ തന്റെ സങ്കടഭാരം കുറയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. അവന്റെ ഓര്‍മകള്‍ക്ക് ഓരോ ദിവസവും കനംകൂടി വന്നു.
ഒടുവില്‍ ഇരുണ്ട രണ്ട് ക്രിസ്മസ്, പുതുവത്സര കാലങ്ങള്‍ക്ക് ശേഷം കോട്ടയം കുറിഞ്ഞാംകുളം വീട്ടിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയിരിക്കുന്നു. പ്രതീക്ഷയുടെ പുഞ്ചിരിയുമായെത്തിയ ആ കുഞ്ഞിന് ജോണ്‍സണും ഡാര്‍ളിയും പേരു നല്‍കിയിരിക്കുന്നത് എയ്ഞ്ചല്‍ ജോ എന്നാണ്. തിങ്കളാഴ്ച്ച രാവിലെ 9.30നാണ് ഡാര്‍ളി മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
‘ഒരുപാട് സന്തോഷം. അഫീല്‍ പോയശേഷം ജീവിതത്തില്‍ ഇതുവരെ സന്തോഷിച്ചിട്ടില്ല. ഇപ്പോഴാണ് ഉള്ളില്‍ തട്ടി ഒന്നു ചിരിക്കുന്നത്. സിസേറിയനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാര്‍ളി ചേര്‍ത്തുപിടിച്ചിരുന്നു. ജീവിതത്തിന് പുതിയ അര്‍ഥം വന്നതുപോലെ തോന്നുന്നു’, ആശുപത്രിയില്‍ നിന്ന് ജോണ്‍സണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിച്ചു.
2019 ഒക്ടോബര്‍ നാല് വെള്ളിയാഴ്ച്ചയാണ് കായിക കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വളന്റിയറായി എത്തിയതായിരുന്നു അഫീല്‍. മത്സരത്തിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ചു. ചോരയൊലിക്കുന്ന അഫീലിനേയും എടുത്ത് മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് ഓടി. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 25-ാം വാര്‍ഡിന് സമീപത്തെ ന്യൂറോ ഐസിയുവിന് മുന്നില്‍ പ്രാര്‍ഥനയുമായി, കണ്ണു ചിമ്മാതെ ജോണ്‍സണും ഡാര്‍ലിയും കാത്തിരുന്നു. 17 ദിവസത്തിനുശേഷം ഒക്ടോബര്‍ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ ആ കാത്തിരിപ്പ് അവസാനിച്ചു.
Leave a Reply