ഒരു ചെറുവിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന പത്തൊമ്പത് വയസുകാരിയായ ബെൽജിയം സ്വദേശി സാറ റഥർഫോർഡ് റിയാദിലെത്തി. 52 രാജ്യങ്ങളിലൂടെയുള്ള യാത്രക്കിടെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ഏവിയേഷൻ ക്ലബ് വൻവരവേൽപാണ് സാറയ്ക്ക് നൽകിയത്.
സാറയുടെ യാത്രക്കിടയിൽ വിമാനം ലാൻഡ് ചെയ്യുന്ന സ്റ്റോപ്പിങ് പോയിന്റുകളിലൊന്നാണ് റിയാദ്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയിൽ സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും അവരിൽ വ്യോമയാന രംഗത്തോടുള്ള താത്പര്യം വർധിപ്പിക്കുകയുമാണ് സാറയുടെ ഈ ഏകാന്ത വ്യോമയാത്രയുടെ ഉദ്ദേശ്യം. സൗദി അറേബ്യ ഉൾപ്പെടെ 52 രാജ്യങ്ങളിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 32,000 കിലോമീറ്റർ ദൂരമാണ് മൊത്തം പറക്കുന്നത്.
2021 ഓഗസ്റ്റിൽ പടിഞ്ഞാറൻ ബെൽജിയത്തില് നിന്നാണ് സാഹസിക യാത്ര തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഭാരം കുറഞ്ഞ വിമാനങ്ങളിലൊന്നായ ഷാർക്ക് അൾട്രാലൈറ്റിലാണ് യാത്ര. ഒറ്റ എൻജിനും രണ്ട് സീറ്റുകളും ലൈറ്റ് വിങും ഉള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ ലൈറ്റ് എയർക്രാഫ്റ്റാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. കഴിഞ്ഞ ഓഗസ്റ്റ് 18നാണ് സാറ, യു.എസ് ഫെഡറൽ ഏവിയേഷൻ അസ്മിനിസ്ട്രേഷനിൽ നിന്നും പ്രത്യേക ഫ്ലൈറ്റ് ലൈസൻസ് നേടിയത്.
ചെറുവിമാനം ഉപയോഗിച്ച് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന സാറ യാത്രയിൽ വിജയിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഗിന്നസ് ബുക്കിൽ റെക്കോർഡിടും. യുഎഇയിൽ നിന്നാണ് സാറ റിയാദിലെത്തിയത്. വിമാനത്താവളത്തിൽ സ്വീകരിക്കാൻ സൗദിയിലെ ബെൽജിയം അംബാസഡർ ഡൊമിനിക് മൈനറും റിയാദ് വിമാനത്താവള കമ്പനിയിലെയും സൗദി ഏവിയേഷൻ ക്ലബിലെയും നിരവധി ഉദ്യോഗസ്ഥരും എത്തിയിരുന്നു.
Leave a Reply