ന്യൂസ് ഡെസ്ക് മലയാളം യുകെ
കുട്ടികൾ സാമൂഹ്യമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ അവരുടെ തൊഴിൽസാധ്യതകളെ ബാധിച്ചേക്കാം. പഴയ ട്വീറ്റുകളും ഫേസ്ബുക്കിൽ രേഖപ്പെടുത്തുന്ന കമൻറുകളും ഭാവിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കാനും വിലയിരുത്താനും ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് . നേരിട്ട് കുറ്റകൃത്യത്തിൻെറ വിഭാഗത്തിൽ പെടുന്നില്ലെങ്കിൽ പോലും മതം, വംശം, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തിയ 16 വയസ്സിൽ താഴെയുള്ളവരുടെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഡെയിലി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. അതായത് ഒരു വ്യക്തി നേരിട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നില്ലെങ്കിൽ പോലും സമൂഹമാധ്യമങ്ങളിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ഭാവിയിൽ ആ വ്യക്തിയുടെ കരിയറിനെ അപകടത്തിലാക്കാം.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ അഥവാ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ വൻകിട കമ്പനികൾ തങ്ങളുടെ ഉദ്യോഗാർത്ഥികളുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെക്കുറിച്ച് വിലയിരുത്തൽ നടത്തുന്ന കാര്യം നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഉദ്യോഗാർത്ഥികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ മാത്രമല്ല അവർ അംഗമായിരിക്കുന്ന വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, ആരെ ഫോളോ ചെയ്യുന്നതുൾപ്പെടെ വിശകലനം ചെയ്യപ്പെട്ടേക്കാം.
Leave a Reply