പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയില്‍ ഇന്നും വന്‍ പ്രതിഷേധങ്ങള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. യു.പിയില്‍ ഇന്നലെ നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമമുണ്ടായി. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ അക്രമങ്ങളില്‍ ആറ് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ മരണം പത്തില്‍ അധികമായെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നതെങ്കിലും കൂടുതല്‍ പേരും വെടിയേറ്റാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റെന്നും ഒരു പൊലീസുകാരന്‍റെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധമുണ്ടായ ആദ്യ ദിനത്തില്‍ ലക്നൗവിലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.മൊറാദാബാദില്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് ന‌ടത്തി. കണ്ണീര്‍വാതകം പ്രയോഗിച്ചു.

പ്രയാഗ്‍രാജില്‍ ഇന്നലത്തെ അക്രമങ്ങളില്‍ പതിനായിരം പേര്‍ക്കെതിരെ കേസെടുത്തു. അക്രമം തുടരുകയാണെങ്കില്‍ നേരിടാന്‍ അര്‍ധസെനികരെ നിയോഗിച്ചേക്കും. വാരാണസി, ല്കനൗ തുടങ്ങി 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിര്‍ത്തിവച്ചു. ബിഹാറില്‍ ആര്‍.ജെ.ഡി ബന്ദിനിടെ അക്രമങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ തീവണ്ടികള്‍ തടഞ്ഞു. പട്നയിലടക്കം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. അതേസമയം അസമിലെ പ്രതിഷേധങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് കര്‍ഫ്യൂവില്‍ ഇളവ് നല്‍കി.

കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റ് ഒാഫീസിലേക്ക് തള്ളിക്കയറി. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ച പൊലീസ് പ്രക്ഷോഭകരെ അറസറ്റുചെയ്ത് നീക്കി. ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെയും കെഎസ്‌‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലത്തും പോസ്റ്റ് ഒാഫീസിനുമുന്നില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. പത്തനംതിട്ടയിലും മലപ്പുറത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി നടന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്തു. മലപ്പുറത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പൗരത്വ നിയമം ചവറ്റുകൊട്ടയില്‍ എറിയേണ്ടിവരുമെന്ന് ചെന്നിത്തല പറഞ്ഞു.

കാസര്‍കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തിരുവനന്തപുരത്ത് എം.എം.ഹസനും പ്രതിഷേധമാര്‍ച്ചുകള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പോസ്റ്റ് ഓഫിസിലേക്ക് തളളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. കോഴിക്കോട് റോഡുപരോധം ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ കലക്ട്രേറ്റ് മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പത്തനംതിട്ടയിലും തൃശൂരിലും ആലപ്പുഴയിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പാലക്കാട് വി.ടി. ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഏകദിന ഉപവാസം ആരംഭിച്ചു.പാലക്കാട് കൽമണ്ഡപത്ത് സംയുക്ത പൗരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.