വിശുദ്ധനായി പ്രഖ്യാപിച്ച ദേവസഹായംപിള്ളയ്ക്കെതിരെ ആരോപണങ്ങളുമായി ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ‘കേസരി’. മതംമാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ടയാളല്ല ദേവസഹായംപിള്ളയെന്നും മോഷണത്തിന്റെയും രാജ്യദ്രോഹത്തിന്റെയും ശിക്ഷയായി വധശിക്ഷയ്ക്കിരയാകുകയായിരുന്നുവെന്നും ‘കേസരി’യില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു.

‘ദേവസഹായംപിള്ളയും വിശുദ്ധപാപങ്ങളും’ എന്ന തലക്കെട്ടിലാണ് മുരളി പാറപ്പുറം ഇത്തരം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേവസഹായംപിള്ളയുടെ വധശിക്ഷയെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സല്‍പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താല്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടിയെന്നും ലേഖനത്തിലുണ്ട്.

തിരുവിതാംകൂറിലെ രാജഭരണകാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷനറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായംപിള്ള. ദേവസഹായംപിള്ളയുടെ ജീവിതത്തിന് വിശുദ്ധനാക്കപ്പെടാനുള്ള യാതൊരു മഹത്വവുമില്ലെന്നും ലേഖനത്തില്‍ തുടരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്നു മുന്‍പ് നീലകണ്ഠപിള്ളയായിരുന്ന ദേവസഹായംപിള്ളയെന്ന് ലേഖനത്തില്‍ പറയുന്നു.

ഇദ്ദേഹം ഖജനാവിലെ പണം ധൂര്‍ത്തടിച്ച കുറ്റത്തിനു ജയിലിലായി. ഒടുവില്‍ ക്രൈസ്തവ മിഷനറിമാരുടെ പ്രലോഭനത്തില്‍ മതംമാറുകയും ജയില്‍മോചിതനാകുകയുമായിരുന്നുവെന്ന് ലേഖകന്‍ ആരോപിക്കുന്നു.

ലേഖനത്തിലെ പ്രധാന ഭാഗങ്ങള്‍

നാട്ടാലം സ്വദേശിയായ നീലകണ്ഠപിള്ള ഏലങ്കം വീട് എന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നു. അനിഴം തിരുന്നാള്‍ മാത്താണ്ഡവര്‍മ്മയുടെ കാലത്ത് ഈ കുടുംബാംഗങ്ങളെല്ലാവരും രാജസേവകരുമായിരുന്നു. തിരുവിതാംകൂര്‍ രാജസ്ഥാനത്തിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായി ചുമതലയേറ്റ നീലകണ്ഠപിള്ളയ്ക്ക് പക്ഷെ രാജാവിനോടോ നാടിനോടോ കൂറുണ്ടായില്ല. ഖജനാവിലെ പണം ധൂര്‍ത്തടിച്ച പിള്ള ജയിലിലായി.

രാജാവിനെ സ്വാധീനിച്ച് ക്രൈസ്തവ മിഷണറിമാര്‍ ഒരു പ്രത്യേക സംവിധാനമുണ്ടാക്കി. ക്രിസ്ത്യാനിയാകുന്നവരെ ശിക്ഷിക്കാന്‍ പ്രത്യേക കോടതി രൂപീകരിച്ചു. ഇതിലെ ജഡ്ജി ഇംഗ്ലീഷുകാരനും അഭിഭാഷകര്‍ മിഷനറിമാരും എന്നതായിരുന്നു വ്യവസ്ഥ. ഈ സൗകര്യം ഉപയോഗിച്ച് ജയിലുകള്‍ തോറും കയറിയിറങ്ങി കുറ്റവാളികളെ മതംമാറാന്‍ പ്രേരിപ്പിക്കുക ക്രൈസ്തവപാതിരിമാരുടെ പതിവ് പരിപാടിയായിരുന്നു. മതംമാറിയാല്‍ ജയില്‍മോചിതരാക്കാമെന്ന് വാഗ്ദാനവും നല്‍കി.

ഈ പ്രലോഭനത്തില്‍ വീണാണ് നീലകണ്ഠപിള്ള മതംമാറി ദേവസഹായംപിള്ളയായത്. ശിക്ഷ വകുപ്പുതല മാറ്റത്തില്‍ ഒതുങ്ങുകയും പിള്ള ജയില്‍മോചിതനാകുകയും ചെയ്തു. തിരുവിതാംകൂറിലെ വനങ്ങളുടെ ചുമതലക്കാരനായിട്ടായിരുന്നു ദേവസഹായംപിള്ളയുടെ വകുപ്പുമാറ്റം. ഈ അധികാരം ഉപയോഗിച്ച് വന്‍തോതില്‍ തേക്കുകള്‍ മുറിച്ചുമാറ്റി. ഈ വകയില്‍ പള്ളികള്‍ക്കും നല്‍കി. സ്വാഭാവികമായും കേസായി. ജോലിയും പോയി.

ദേവസഹായംപിള്ള ക്രിസ്തുമത പ്രചാരകനായി മാറുന്നതാണ് പിന്നീട് കണ്ടത്. ബൈബിളുമായി പിള്ള, ക്യാപ്റ്റന്‍ ഡിലനോയിയെയും കണ്ടു. കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരുമായി ചേര്‍ന്ന് തിരുവിതാംകൂറിനെതിരെ പോരാടിയ ഡിലനോയി പിന്നീട് രാജാവിന് കീഴടങ്ങുകയും വിശ്വസ്തനായി മാറുകയും ചെയ്തയാളാണ്. തന്റെ കോട്ടയിലേക്കുള്ള വരവില്‍ സംശയം തോന്നി ദേവസഹായംപിള്ളയെ തടവിലാക്കിയ ശേഷം ഡിലനോയി രാജാവിനെ വിവരമറിയിച്ചു. വിചാരണയ്ക്കുശേഷം വെടിവച്ചുകൊല്ലാന്‍ ശിക്ഷ വിധിച്ചു.

മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവസഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്‍പര്യം കുപ്രസിദ്ധമാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. വസ്തുതകള്‍ വളച്ചൊടിച്ചും തമസ്‌കരിച്ചും കൃത്രിമരേഖകള്‍ ചമച്ചുമുള്ള ഇത്തരം ചരിത്രനിര്‍മാണങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ബൃഹദ് പദ്ധതിയാണ്. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്റെ മതപദ്ധതികളിലൊന്നാണ് വ്യക്തികളെ വിശുദ്ധന്മാരാക്കല്‍. വളരെക്കാലം എടുത്ത് വ്യവസ്ഥാപിതമായി പൂര്‍ത്തിയാക്കുന്ന ഒരു രീതി ഇതിനുണ്ട്.