തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്.

മര്‍ദനമേറ്റ മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സുരേഷിന്റെ സഹോദരന്‍ ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച്‌ ജയന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്റെ നേതൃത്വത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജയന്‍ തയ്യാറായില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്‍പില്‍ വച്ച്‌ പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.