പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്.

ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. അരൂപ് ഡെ ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. ഇവര്‍ വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM

സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്. യുവാവ് തിരയില്‍പ്പെട്ടത് സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും കാണുന്നുണ്ടായിരുന്നു.

ഇവര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരൂപ് ഡെ ആസ്മാ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.