കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചില‌മ്പികുന്നേൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകൾ സിനി (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻപ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസിൽ വഴിത്തിരിവായത്. പൊലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താൻ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടിയിൽ സിനിയുടെയും തങ്കമ്മയുടെയും തലയിൽ അടിയേറ്റ തരത്തിലുള്ള മുറിവുകൾ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയിൽ ആഴത്തിൽ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു.

പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

ആറു വർഷം മുൻപ് തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ മരിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയിൽ പ്രധാന റോഡിൽ നിന്നും 400 മീറ്റർ മുകളിലാണു ഇവർ താമസിക്കുന്ന വീട്. അയൽപക്കത്ത് മറ്റു വീടുകൾ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികൾ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ

പ്ലാപ്പള്ളി ചിലമ്പിക്കുന്നേൽ വീടിന്റെ പരിസരത്തു നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്നു വ്യാഴാഴ്ച നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്തെന്നായിരുന്നു നാട്ടിൽ പ്രചരിച്ചത്. എന്നാൽ, മൃതദേഹങ്ങളുടെ കിടപ്പും ഇൻക്വസ്റ്റ് നടപടികളുടെ റിപ്പോർട്ടും കിട്ടിയതോടെ പൊലീസ് ഉറപ്പിച്ചു; ഇതു കൊലപാതകമാണ്. എന്നാൽ, നാട്ടിൽ പരന്ന ആത്മഹത്യയെന്ന കഥ പൊലീസ് തിരുത്തിയില്ല.

മോഷണത്തിനായുള്ള കൊലപാതകമാണോ എന്നായിരുന്നു പിന്നീട് അന്വേഷണം പക്ഷേ, ആറു പവനോളം സ്വർണം വീടിനുള്ളിൽ നിന്നു കണ്ടെത്തിയതോടെ ഇൗ നിഗമനം ഉപേക്ഷിച്ചു. തുടർന്നാണ് ഇവരുമായി അടുപ്പമുള്ള ചുരുക്കം ചില ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. അപ്പോഴും സജി സംശയത്തിന്റെ പട്ടികയിൽപ്പെട്ടിരുന്നില്ല.

സുഹൃത്തുക്കളുമായി ചേർന്നു സജിയുടെ സഹോദരൻ മദ്യപിക്കുന്നതിനിടെ സജിക്കു സിനിയുടെ മേൽ കണ്ണുണ്ടായിരുന്നെന്നു വെളിപ്പെടുത്തി. ഈ വിവരം പൊലീസിന്റെ ചെവിയിലെത്തിയതോടെ സജിയെ രഹസ്യമായി നിരീക്ഷിക്കാനും തുടങ്ങി. ഇതറിഞ്ഞതോടെയാണു സജി ആത്മഹത്യാ ശ്രമം നടത്തിയത്. ഇതേ തുടർന്നു പൊലീസ് സജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവിൽ സജി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.