മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സ്. നടനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അജു അലക്സ്. കേസിനെ താൻ ഭയക്കുന്നില്ലെന്നും അജു അലക്സ് പറഞ്ഞു.

‘ഞാൻ ഒളിവിൽ പോയിട്ടില്ല. രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എല്ലാവരും ചോദിക്കുംപോലെ മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല’, അജു അലക്സ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്സിനെതിരെ നടപടിയെടുത്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തിയത്.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.