യുവമോര്‍ച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിന്‍രാജ് (34) പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. സജിന്‍ അവസാനമായി സന്ദേശമയച്ച യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതിനാല്‍ മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, മറ്റ് സാധ്യതകളും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിനായി പൊലീസ് സജിന്‍രാജിന്റെ സ്വദേശമായ പാലക്കാട്ടെത്തി. സജിന്‍രാജിന്റെ അവസാനസന്ദേശമെത്തിയ യുവതി, ഇയാള്‍ ഉപയോഗിച്ച കാര്‍ വാടകയ്ക്ക് നല്‍കാന്‍ ഇടനിലക്കാരനായ ബിജെപി സംസ്ഥാന നേതാവിന്റെ സഹായി, പണം കടം കൊടുത്ത മറ്റൊരാള്‍ എന്നിവരെ പൊലീസ് ചോദ്യംചെയ്യും. ‘താങ്ക്‌സ് ഫോര്‍ ഓള്‍, ഇനി ഒരിക്കലും കാണില്ല. നാളെ എന്റെ ശവം കാണാന്‍ വരണം. പോസ്റ്റുമോര്‍ട്ടം നടത്തി രാവിലെ ശവമെത്തും’- ഇതായിരുന്നു യുവതിക്കയച്ച അവസാന സന്ദേശം.
സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് മരണം ആത്മഹത്യയാണെന്ന പ്രാഥമികനിഗമനത്തില്‍ പൊലീസ് എത്തിയത്. എന്നാല്‍, മരണത്തിലേക്ക് നയിച്ചതിനുപിന്നില്‍ സാമ്പത്തികപ്രശ്‌നമോ പ്രണയനൈരാശ്യമോ ഉണ്ടോയെന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ ആറ്റിങ്ങല്‍ എസ്‌ഐ തന്‍സീമിന്റെ നേതൃത്വത്തില്‍ അഞ്ചംഗസംഘം പാലക്കാട്ടെത്തി. പാലക്കാട്- തൃശൂര്‍ അതിര്‍ത്തി സ്വദേശിയായ യുവതിയെ അന്വേഷണസംഘം ചോദ്യംചെയ്യും. വാഹനം വാടകയ്ക്ക് നല്‍കിയ കരമന സ്വദേശിയെ ചോദ്യംചെയ്തപ്പോഴാണ് ഇടനിലക്കാരനായ ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവിന്റെ സ്റ്റാഫിനെക്കുറിച്ച് വിവരം ലഭിച്ചത്. സജിന്‍രാജിന്റെ സുഹൃത്താണ് ഇയാള്‍. മരിക്കാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് സജിന്‍രാജ് തിരുവനന്തപുരത്തേക്ക് വന്നതെന്നാണ് പൊലീസ് കരുതുന്നത്. തലേദിവസം ഉച്ചയ്ക്ക് ഒന്നേകാലോടെ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫായിരുന്നു. അതിനുമുമ്പ് അവസാനമായി കൂട്ടുകാരിയായ യുവതിക്ക് സന്ദേശമയച്ചു. തലയ്ക്ക് താഴെയാണ് പെട്രോള്‍ ഒഴിച്ചതെന്നതും ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്നതാണ്. മറ്റാരെങ്കിലും പെട്രോള്‍ ഒഴിച്ചതാണെങ്കില്‍ തലയിലൂടെയാകും ഒഴിക്കുക. പിടിവലിയുടെ ഒരു ലക്ഷണവും സ്ഥലത്തില്ല. മാത്രമല്ല, വാഹനത്തിനകത്തും ഒരു ബോട്ടിലില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നു. ഇതും പുറത്തെ ബോട്ടിലില്‍നിന്ന് ലഭിച്ച പെട്രോളും പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
പെട്രോളൊഴിച്ച് തീകൊളുത്തിയ ഉടന്‍ സജിന്‍ നിലവിളിച്ചിരുന്നു. ഈസമയം ഓടിവന്ന അടുത്ത കടയിലെ സെക്യൂരിറ്റിക്കാരന്‍ മറ്റാരും ഓടിപ്പോകുന്നത് കണ്ടിട്ടുമില്ല. ഒരാള്‍ തീകൊളുത്തിയെന്ന് ഡോക്ടറോട് പറഞ്ഞത് കളവാണെന്നാണ് പൊലീസ് നിഗമനം. യുവതിയുമായി സാമ്പത്തിക ഇടപാടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റിങ്ങിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റൊരാളില്‍നിന്ന് സജിന്‍ രണ്ടുലക്ഷം രൂപ വായ്പ വാങ്ങിയതായി അച്ഛനും മൊഴിനല്‍കിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സിഐ അനില്‍കുമാര്‍ പറഞ്ഞു.
Leave a Reply