കരട് ബ്രെക്‌സിറ്റ് ഡീല്‍ അവതരിപ്പിച്ച തരേസ മേയ് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ആവശ്യപ്പെടുന്ന ടോറി എംപിമാരുടെ എണ്ണം കൂടുന്നു. ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച കോടീശ്വരനായ എംപി സാക് ഗോള്‍ഡ്‌സ്മിത്തും പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കത്തു നല്‍കി. ഇതോടെ മേയ്‌ക്കെതിരെ കത്തു നല്‍കിയ എംപിമാരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 48 എംപിമാര്‍ അവിശ്വാസം അറിയിച്ചാല്‍ സ്വാഭാവികമായും അത് വോട്ടിംഗിലേക്ക് നീങ്ങുകയും സഭയില്‍ പ്രധാനമന്ത്രി വിശ്വാസം തെളിയിക്കേണ്ടി വരികയും ചെയ്യും. പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്ന് ഗോള്‍ഡ്‌സമിത്ത് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പ് വിരുദ്ധനായ എംപി ബില്‍ ക്യാഷും പ്രധാനമന്ത്രിക്കെതിരെ കത്തു നല്‍കുമെന്നാണ് കരുതുന്നത്. ജേക്കബ് റീസ് മോഗിന്റെ നേതൃത്വത്തിലാണ് ടോറികളിലെ തീവ്ര ബ്രെക്‌സിറ്റ് അനുകൂലികള്‍ മേയ് പുറത്തുപോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈയാഴ്ച അവസാനത്തോടെ ഇവര്‍ 48 എംപിമാരുടെ കത്ത് ശേഖരിക്കുമെന്നാണ് കരുതുന്നത്. അപ്രകാരം സംഭവിച്ചാല്‍ പാളയത്തിലെ പടയില്‍ പ്രധാനമന്ത്രിക്ക് സഭയില്‍ വിശ്വാസം തെളിയിക്കേണ്ട ഗതികേടുണ്ടാകും. 2016 ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിന് അനുകൂലമായി നിലപാട് എടുത്തയാളാണ് ഗോള്‍ഡ്‌സ്മിത്ത്. എന്നാല്‍ മേയ് അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഡീല്‍ അംഗീകരിക്കുന്നതിനേക്കാള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് ഭേദമെന്നാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്.

ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് ഗോള്‍ഡ്‌സ്മിത്ത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ ഇദ്ദേഹത്തെ പരാജയപ്പെടുത്തി. ഹീത്രൂ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രാജിവെച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ റിച്ച്മണ്ട് പാര്‍ക്കില്‍ നിന്ന് ഗോള്‍ഡ്‌സ്മിത്ത് പരാജയപ്പെട്ടിരുന്നു. പിന്നീട് കഴിഞ്ഞ ജനറല്‍ ഇലക്ഷനിലാണ് ഇയാള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് തിരികെയെത്തിയത്.