ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നവംബർ മാസത്തിൽ യുകെയിലെ വീടുകൾക്ക് വില ഇടിഞ്ഞതായി റിപ്പോർട്ട്‌. രണ്ടു വർഷത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസത്തെക്കാളും 1.4% ആണ് വില ഇടിഞ്ഞത്. 2020 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. വിലയിടിവ് സാരമായി തന്നെ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിലവിലെ പ്രതിസന്ധി വരും മാസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്ന അഭിപ്രായം ശക്തമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വീടുകളുടെ വില 9% കുറയുമെന്ന് ഗവൺമെന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബറിലെ മിനിബജറ്റാണ് പ്രോപ്പർട്ടി മാർക്കറ്റിൻെറ ഇടിവിന് ആക്കം കൂട്ടിയതെന്ന അഭിപ്രായം വിദഗ്‌ദ്ധർക്കുണ്ട് . ഇത് മോർട്ട്ഗേജ് നിരക്ക് വർദ്ധനവിനും കാരണമായിട്ടുണ്ട്. വീണ്ടും പണപ്പെരുപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും, പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചേക്കാമെന്നും സാമ്പത്തികവിദഗ്ധൻ റോബർട്ട് ഗാർഡ്‌നർ ബിബിസിയോട് പറഞ്ഞു . ഇതിന്റെ ഭാഗമായി  കുറച്ച് കാലത്തേക്ക് വിപണി സമ്മർദ്ദത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രോപ്പർട്ടി മാർക്കറ്റ് നേരിടുന്ന വിലയിടവ് രണ്ടു വർഷത്തേക്ക് വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുൻപെങ്ങും ഇല്ലാത്ത വിധം വില ഉയർന്നു നിന്ന കാലത്ത് നിന്നാണ് ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. പുതുതായി വീട് വാങ്ങുന്നവർക്ക് വീടിന്റെ വില കുറയുന്നത് ആശ്വാസകരമാണ് . പക്ഷെ ഈ മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തിയവർക്ക് വിലയിലെ ഇടിവ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.