ന്യൂയോര്‍ക്ക്: സിക വൈറസ് നാല്‍പ്പത് ലക്ഷം പേരെ ബാധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നവജാതശിശുക്കള്‍ക്ക് തലച്ചോര്‍ ചുരുങ്ങുന്ന രോഗാവസ്ഥയായ മൈക്രോസെഫാലിക്ക് ഈ വൈറസ് കാരണമാകുമെന്നാണ് സൂചന. ഭ്രൂണത്തിന്റെ തലച്ചോര്‍ വികാസത്തെ സിക വൈറസ് ബാധിക്കും. ബ്രസീലില്‍ മൈക്രോസെഫാലി ബാധിച്ച കുട്ടികള്‍ ജനിച്ചതിനു പിന്നില്‍ സിക വൈറസിന്റെ പങ്കിനെക്കുറിച്ചുളള പഠനം ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് ലോകാരോഗ്യ സംഘടനയിലെ പകര്‍ച്ചവ്യാധി വിഭാഗം തലവന്‍ മാര്‍കോസ് എസ്പിനാല്‍ പറഞ്ഞു. ഈ വൈറസുകള്‍ പ്ലാസന്റ കടന്ന് മൈക്രോസെഫാലി പോലുളള രോഗം വരുത്തുമോയെന്ന കാര്യം തെളിയിക്കാനായിട്ടില്ല. എന്നാല്‍ സിക വൈറസിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന് തന്നെയാണ് കരുതുന്നത്. ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ലോകമെങ്ങും ക്യൂലസ് കൊതുകുകളെക്കാള്‍ ഈഡിസ് ഈജിപ്റ്റി കൊതുകുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ബ്രസീലിയന്‍ ആരോഗ്യ വിദഗ്ദ്ധസംഘമായ ഓസ്‌വാല്‍ഡോ ക്രൂസ് ഫൗണ്ടേഷന്‍ പറയുന്നു. അത് കൊണ്ട് തന്നെ സിക വൈറസുകള്‍ ലോകമെമ്പാടും വ്യാപിക്കാനുളള സാധ്യതയും കൂടുതലാണ്. ആഫ്രിക്കയേയും ഏഷ്യയേയും അപേക്ഷിച്ച് ഇരുപതിരട്ടി കൂടുതല്‍ ക്യൂലക്‌സ് കൊതുകുകള്‍ ബ്രസീലിലുണ്ട്. ബ്രസീലിലെയും അമേരിക്കയിലെയും മൈക്രോസെഫാലിക്ക് കാരണം സിക വൈറസുകള്‍ തന്നെയാണെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു. ഇതിന്റെ ഫലമായി ഇവിടെ നവജാത ശിശുക്കള്‍ താരതമ്യേന ചെറിയ തലയുമായി ജനിക്കുന്നു. ജനനസമയത്ത് ഇവരുടെ തലയുടെ വലുപ്പം 31.5മുതല്‍ 32 സെന്റിമീറ്ററിലും കുറവാണ്.
എബോളയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊണ്ട് സികയെ തുരത്താന്‍ ആവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുളളത്. രോഗവ്യാപനം തടയാനായി എത്രയും പെട്ടെന്ന് വിദഗ്ദ്ധരടങ്ങിയ ഒരു അടിയന്തര സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രോഗബാധ തടയാനായി സൈന്യത്തെയും ആരോഗ്യ വിദഗ്ദ്ധരെയും വിന്യസിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രോഗത്തെക്കുറിച്ചുളള വിവരങ്ങള്‍ ലാറ്റിനമേരിക്കയുമായി പങ്ക് വയ്ക്കുകയാണ് രോഗം തടയാനുളള ഫലപ്രദമായ മാര്‍ഗമെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് പറയുന്നു.
2015ന് ശേഷം ഇരുപത് രാജ്യങ്ങളിലേക്ക് രോഗം ബാധിച്ചു. ഇതിനകം തന്നെ ആയിരക്കണക്കിന് പേര്‍ രോഗബാധിതരായിട്ടുണ്ട്. സിക വൈറസ് വാഹകരായ ഈഡിസ് ഈജിപ്തി കൊതുകുകള്‍ യൂറോപ്പിലേക്ക് എത്തിയിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. കെന്റ് തീരത്തും വെസ്റ്റ് സസെക്‌സിലും ഇത്തരം കൊതുകുകളുണ്ടെന്ന് വിദഗ്്ദ്ധര്‍ പറയുന്നു. ആഗോളതാപനം മൂലം ബ്രിട്ടനിലെ കാലാവസ്ഥ ഇവയ്ക്ക് ഏറെ ആകര്‍ഷകമായി തീര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദേശവും ഉണ്ട്. ലാറ്റിനമേരിക്കയിലെ സ്ത്രീകള്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് ഗര്‍ഭം ധരിക്കരുതെന്നാണ് നിര്‍ദേശം.ജനനവൈകല്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ ഗര്‍ഭിണികളായിട്ടുളളവര്‍ കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശമുണ്ട്.
പനിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് സിക വൈറസ് ബാധയ്ക്കുമുളളത്. സന്ധിവേദന, കണ്ണിലെ എരിച്ചില്‍, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 1940കളില്‍ ആഫ്രിക്കയിലാണ് ഈ വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. എന്നാല്‍ മനുഷ്യര്‍ക്ക് ഇത് ഭീഷണി ആയിരുന്നില്ല. ഇതുവരെ ഈ വൈറസിനെതിരേ യാതൊരു വാക്‌സിനുകളും വികസിപ്പിച്ചിട്ടില്ല. മരുന്ന് വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്നുളള ഒരു സംഘം ഗവേഷകര്‍ ബ്രസീല്‍ സന്ദര്‍ശിച്ചിരുന്നു. കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുളള അവസരം ഇല്ലാതാക്കുക എന്നതാണ് രോഗബാധ തടയാനുളള ഫലപ്രദമായ മാര്‍ഗമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.