രാജേഷ്‌ ജോസഫ്

സഭാസമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി യുകെകെസിഎ ഇലക്ഷന്‍ 2018. യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ യുകെകെസിഎ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ തയ്യാറെടുക്കുന്നു. ജനുവരി 27ന് യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടക്കുന്ന ഇലക്ഷനുള്ള സ്ഥാനാര്‍ത്ഥി പട്ടിക നാഷണല്‍ കൗണ്‍സില്‍ പുറത്തിറക്കി.

ലെസ്റ്ററിലെ വിജി ജോസഫ്, ഡെര്‍ബി യൂണിറ്റിലെ സണ്ണി ജോസഫ് എന്നിവര്‍ എതിരില്ലാതെ ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ടു. വിജി ട്രഷറര്‍ സ്ഥാനത്തേക്കും സണ്ണി ജോസഫ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പട്ടിക 27-ാം തീയതിയോടു കൂടിയേ പുറത്തു വരികയുള്ളൂ.

കട്ടച്ചിറയില്‍ നിന്നും യുകെയിലെത്തി സാമുദായിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജി യുകെകെസിഎയുടെ 2018-19 കാലഘട്ടത്തില്‍ സംഘടനയുടെ സാമ്പത്തികരംഗം നിയന്ത്രിക്കുമ്പോള്‍ ബ്രഹ്മമംഗലത്ത് നിന്നും ലഭിച്ച അറിവും അനുഭവസമ്പത്തും കൈമുതലാക്കി സണ്ണി ജോസഫ് ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് കടന്നു വരുന്നു. ലെസ്റ്റര്‍ ഡെര്‍ബി യൂണിറ്റുകള്‍ക്ക് ഇത് അഭിമാന നിമിഷം. അവരുടെ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

പതിനഞ്ച് വര്‍ഷം പിന്നിട്ട യൂറോപ്പിലെ ഏറ്റവും വലിയ സംഘടന തങ്ങളുടെ തനിമയും പാരമ്പര്യവും വിശ്വാസവും കാത്ത് സൂക്ഷിച്ച് മുന്നേറുമ്പോള്‍ അതിന്റെ അടുത്ത രണ്ട് വര്‍ഷത്തെ അമരക്കാരനാകാന്‍ ആരായിരിക്കും എന്നുള്ളത് വിശ്വാസ സമുദായ സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏറെക്കുറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഈ വര്‍ഷത്തെ ഇലക്ഷന്‍. മൂന്ന് സാരഥികളാണ് ഈ വര്‍ഷം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

ജിമ്മി ചെറിയാന്‍ (ബാസില്‍ഡന്‍ ആന്‍ഡ്‌ സൌത്തെന്‍ഡ് യൂണിറ്റ്), ജോണ്‍ കുന്നുംപുറത്ത് (ചെസ്റ്റര്‍ ആന്‍ഡ്‌ ലിറ്റില്‍ ഹാമില്‍ട്ടന്‍ യൂണിറ്റ്‌), തോമസ്‌ ജോസഫ് (ബ്രിസ്റ്റോള്‍ യൂണിറ്റ്‌) എന്നിവരാണ് പ്രസിഡന്റ് പദം ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് വ്യക്തിത്വങ്ങളും തങ്ങളുടേതായ മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ബ്രിസ്റ്റോള്‍ യൂണിറ്റിന്റെ സജീവ സാന്നിധ്യമായി നീണ്ടകാല അനുഭവ സമ്പത്തുമായി തോമസ് ജോസഫും സഭാ സമുദായിക അറിവിന്റെ കരുത്തുമായി ജിമ്മി ചെറിയാനും മുമ്പ് യുകെകെസിഎ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി ജോണി കുന്നുംപുറവും ഈ ഇലക്ഷനില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച് മുന്നേറുന്നു.

               ജിമ്മി ചെറിയാന്‍                                    ജോണി കുന്നുംപുറം                             തോമസ്‌ ജോസഫ്

ഗ്ലോസ്റ്റര്‍ യൂണിറ്റില്‍ നിന്നും യുകെകെസിഎയിലെ പല മീറ്റിങ്ങുകളിലും സജീവ സാന്നിധ്യമായിരുന്ന ബോബന്‍ ജോസ്, ലിവര്‍പൂള്‍ യൂണിറ്റില്‍ നിന്നും നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കോര്‍ഡിനേറ്ററായും യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി സജു ലൂക്കോസ് എന്നിവരും  ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.

                            സജു ലൂക്കോസ്                                                                                                       ബോബന്‍ ഇലവുങ്കല്‍ 

പുതിയ ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ക്നാനായ മിഷന്‍ രൂപീകരണവും ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള യുകെകെസിഎയുടെ പരിഷ്‌കരണവുമാണ്. യുവാക്കളെ സമുദായത്തിന്റെ ശക്തി സ്രോതസുകളായി മാറ്റുക എന്ന വെല്ലുവിളി. ആശംസകളോടെ സമുദായാംഗങ്ങള്‍ കൂടെ തന്നെ.