മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടു. ഡിസംബര്‍ 19ന് കൊല്‍ക്കത്തയിലാണ് ലേലം നടക്കുന്നത്. ഇതാദ്യമായാണ് കൊല്‍ക്കത്ത ഐപിഎല്ലിന്റെ ലേലത്തിനു ആതിഥേയത്വം വഹിക്കുന്നത്.

പുതിയ സീസണില്‍ തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് എട്ടു ഫ്രാഞ്ചൈസികളും നേരത്തേ കൈമാറിയിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കളിക്കാരുമായിരിക്കും ഇത്തവണ ലേലത്തിനുണ്ടാവുക. ലേലത്തിനു സ്ഥിരമായി ചുക്കാന്‍ പിടിക്കുന്ന ഹ്യുഗ് എഡ്മിയെഡസ് തന്നെയായിരിക്കും ഇത്തവണയും നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുക.

971 താരങ്ങള്‍

വിവിധ രാജ്യങ്ങളില്‍ നിന്നായി 971 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ 713 പേര്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാരാണെങ്കില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. 713 ഇന്ത്യന്‍ താരങ്ങളില്‍ 19 പേര്‍ മാത്രമേ ഒരു തവണയെങ്കിലും ദേശീയ ടീമിനായി കളിച്ചിട്ടുള്ളൂ. ശേഷിച്ച 634 പേരും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.

അതേസമയം, 258 വിദേശതാരങ്ങളില്‍ 196 പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. ശേഷിച്ച 60 പേര്‍ക്കു രാജ്യത്തിനായി അരങ്ങേറാനായിട്ടില്ല. രണ്ടു അസോസിയേറ്റ് താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ അമേരിക്കയില്‍ നിന്നുള്ള താരമാണ്.

ലേലത്തില്‍ ഏതൊക്കെ കളിക്കാരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നു എട്ടു ഫ്രാഞ്ചൈസികളും ചുരുക്കപട്ടിക സമര്‍പ്പിക്കേണ്ടതുണ്ട്. ഡിസംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചു മണിക്കു മുമ്പായി ഫ്രാഞ്ചൈസികള്‍ ഈ ലിസ്റ്റ് നല്‍കണം.

ഒരു ഫ്രാഞ്ചൈസിക്കു പരമാവധി നിര്‍ത്താവുന്ന കളിക്കാരുടെ എണ്ണം 25 ആണ്. എട്ടു ഫ്രാഞ്ചൈസികള്‍ക്കും കൂടി 73 താരങ്ങളെ മാത്രമേ വരാനിരിക്കുന്ന ലേലത്തില്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. ഇവരില്‍ 29 പേര്‍ വിദേശ കളിക്കാരുമായിരിക്കണം.

ദക്ഷിണാഫ്രിക്കയും ഓസീസിനും ഇഞ്ചോടിഞ്ച്

വിദേശ താരങ്ങളില്‍ ഏറ്റവുമധികം പേര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. 55 താരങ്ങളാണ് ഐപിഎല്ലില്‍ അവസരം മോഹിച്ച് രംഗത്തുള്ളത്. 54 കളിക്കാരുമായി ദക്ഷിണാഫ്രിക്ക തൊട്ടുതാഴെയുണ്ട്.

ശ്രീലങ്കയില്‍ നിന്നും 39ഉം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും 34ഉം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ന്യൂസിലാന്‍ഡ് (24), ഇംഗ്ലണ്ട് (22), അഫ്ഗാനിസ്താന്‍ (19), ബംഗ്ലാദേശ് (6), സിംബാബ്‌വെ (3), ഹോളണ്ട് (1), അമേരിക്ക (1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വില കൂടിയ താരങ്ങള്‍

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കാണ് ലേലത്തില്‍ ഏറ്റവുമധികം അടിസ്ഥാന വിലയുള്ളത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലും വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇവരെക്കൂടാതെ ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസ്ലല്‍വുഡ്, ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരുടെയും അടിസ്ഥാന വില രണ്ടു കോടിയാണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് എന്നിവര്‍ക്കു 1.5 കോടി അടിസ്ഥാന വിലയുണ്ട്. റോബിന്‍ ഉത്തപ്പയാണ് ഇക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരം.