ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം പുറപ്പെട്ടു; സംസ്‌കാര ചടങ്ങ് നാളെ വൈകിട്ട് മൂന്നരയ്ക്ക്, അടക്കം പവന്‍ ഹാന്‍സിലെ പാര്‍ലെ ശ്മശാനത്തിൽ

ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം പുറപ്പെട്ടു; സംസ്‌കാര ചടങ്ങ് നാളെ വൈകിട്ട് മൂന്നരയ്ക്ക്, അടക്കം പവന്‍ ഹാന്‍സിലെ പാര്‍ലെ ശ്മശാനത്തിൽ
February 27 15:43 2018 Print This Article

അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട് 3.30 ന് മുംബൈയില്‍ നടക്കും. രാവിലെ 9.30മുതല്‍ 12.30 വരെ അന്ധേരിയിലെ വസതിക്കു സമീപമുള്ള ഹാളിലായിരിക്കും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുക. അവിടെ നിന്ന് രണ്ടു മണിയോടെ മൃതദേഹം വിലാപയാത്രയായി പവന്‍ ഹാന്‍സിലെ വിലെ പാര്‍ലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകും.മൂന്നരയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ശ്രീദേവിയുടെ മരണം സംബന്ധിച്ച് കപൂര്‍ കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്‌കാരംസംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന സ്ഥലത്ത്മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. പൊതുദര്‍ശനം നാളെ രാവിലെ ഒന്‍പതരമുതല്‍ പന്ത്രണ്ടര വരെയാണ്.

നടി ശ്രീദേവിയുടെ മൃതദേഹവുമായി വിമാനം ദുബായില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതോടെയാണ് മൂന്നുനാളായി തുടര്‍ന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിക്ക് അന്ത്യയാത്രയ്ക്ക് വഴിതെളിഞ്ഞത്.

മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ച് ദുബായ് പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട് ശരിവച്ച് പ്രോസിക്യൂഷനാണ് മൃതദേഹം വിട്ടുനല്‍കാന്‍ അനുമതി നല്‍കിയത്.

ദുബായില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചില്ല. മുംബൈയില്‍ അന്ധേരിയിലെ വസതിക്കുസമീപമുള്ള ഹാളിലാണ് മൃതദേഹം ആദ്യമെത്തിക്കുക. പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഓഷിവാരയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ തുടങ്ങിയിട്ടുമുണ്ട്‌. കഴിഞ്ഞ ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഇന്ത്യന്‍ സിനിമാലോകത്തെ അമ്പരപ്പിച്ച് ശ്രീദേവി ദുബായില്‍ വിടപറഞ്ഞത്. റാസൽ ഖൈമയില്‍ അനന്തരവന്റെ വിവാഹ ആഘോഷത്തിനിടെയായിരുന്നു മരണം.

ശ്രീദേവി ദുബായിലെ ഹോട്ടൽ മുറിയിൽ ബാത് ടബ്ബിൽ മുങ്ങി മരിച്ചതാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു. സ്വാഭാവിക മരണമല്ല, അപകടമരണമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേസ് പ്രോസിക്യൂഷന് കൈമാറിയത്. അതോടെ മൃതദേഹം വിട്ടുകിട്ടാന്‍ പ്രോസിക്യൂട്ടറുടെ അനുമതി വേണമെന്ന സ്ഥിതിയായി. മരണം സംബന്ധിച്ചു പല കാര്യങ്ങളിലും അവ്യക്തതയുള്ള സാഹചര്യത്തിൽ ഭർത്താവ് ബോണി കപൂറിനെ പൊലീസ് ചോദ്യം ചെയ്തു.

റാസൽ ഖൈമയിലെ വിവാഹാഘോഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കു പോയ ബോണി കപൂർ വീണ്ടും ദുബായിലേക്കു തിരിച്ചെത്താനുണ്ടായ സാഹചര്യം ബോധ്യപ്പെടാനായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ന്നാണ് ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണമാണെന്ന ഫൊറൻസിക് റിപ്പോർട്ട് പ്രോസിക്യൂഷൻ ശരിവച്ചത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍കി. തുടര്‍ന്ന് എംബാം ചെയ്യാന്‍ എംബാം യൂണിറ്റിലേക്ക് മാറ്റി. അവിടെനിന്ന് വിമാനത്താവളത്തിലേക്ക്. മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനാല്‍ ദുബായിലെ പൊതുദര്‍ശനം ഒഴിവാക്കി.

പിന്നീട് ഉയര്‍ന്നേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സംശയങ്ങവും ദുരീകരിച്ചശേഷം മൃതദേഹം വിട്ടുനല്‍കാമെന്ന നിലപാടിലായിരുന്നു ദുബായ് പോലീസ്. അതുകൊണ്ടാണ് നടപടികള്‍ പ്രതീക്ഷിച്ചതിലേറെ വൈകിയതും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles