എയര്‍ ഇന്ത്യ വില്‍പ്പന; താല്‍പ്പര്യ പത്രത്തിന്റെ കരടിന് അംഗീകാരം, ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എയര്‍ ഇന്ത്യ സിഎംഡി

എയര്‍ ഇന്ത്യ വില്‍പ്പന; താല്‍പ്പര്യ പത്രത്തിന്റെ കരടിന് അംഗീകാരം, ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമെന്ന് എയര്‍ ഇന്ത്യ സിഎംഡി
January 08 09:35 2020 Print This Article

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും
ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരം; 60,000 കോടിയുടെ കടം പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക്
എയര്‍ ഇന്ത്യ അടച്ചു പൂട്ടുന്നെന്നും സര്‍വീസുകള്‍ നിര്‍ത്തുന്നെന്നുമുള്ള ഊഹാപോഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. എയര്‍ ഇന്ത്യ പറക്കലും വികസനവും തുടരും

-അശ്വനി ലൊഹാനി, സിഎംഡി, എയര്‍ ഇന്ത്യ

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയുടെ കരട് താല്‍പ്പര്യ പത്രത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗികാരം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് കരട് അംഗീകരിച്ചത്. ഇതോടൊപ്പം ഓഹരി വാങ്ങല്‍ കരാറിനും അംഗീകാരമായിട്ടുണ്ട്. വിമാനക്കമ്പനിയുടെ 60,000 കോടി രൂപയുടെ ആകെ കടം, പ്രത്യേക ഉദ്ദേശ്യ കമ്പനിയിലേക്ക് (സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) കൈമാറാന്‍ അനുമതി നല്‍കുന്നതാണ് പ്രസ്തുത കരാര്‍. നിലവില്‍ കമ്പനിയുടെ 29,400 കോടി രൂപ കടം ഇതിനായി രൂപീകരിച്ച പ്രത്യേക കമ്പനിയായ എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് കമ്പനിയിലേക്ക് കൈമാറിക്കഴിഞ്ഞു. മുഴുവന്‍ കടവും ഇപ്രകാരം എയര്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ നിന്ന് പ്രത്യേക കമ്പനിയിലേക്ക് മാറുന്നതോടെ വിമാനക്കമ്പനി, സ്വകാര്യ മേഖലയ്ക്ക് ആകര്‍ഷകമാകും.

ജനുവരി അവസാനത്തോടെ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല മന്ത്രി സംഘത്തിന്റെ യോഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാണിജ്യ, റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. എയര്‍ ഇന്ത്യ പ്രത്യേക ബദല്‍ സംവിധാനം എന്ന പേരിലുള്ള മന്ത്രിതല സംഘം നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഓഹരി വില്‍പ്പനാ പദ്ധതിയിലേക്ക് കടന്നിരിക്കുന്നത്. കടക്കെണിയിലായി ഊര്‍ദ്ധശ്വാസം വലിക്കുന്ന വിമാനക്കമ്പനിയെ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വകാര്യവല്‍ക്കരിച്ച് നഷ്ടം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കഴിഞ്ഞ വര്‍ഷവും എയര്‍ ഇന്ത്യ ഓഹരി വില്‍പ്പനയുടെ താല്‍പ്പര്യ പത്രം സര്‍ക്കാര്‍ ക്ഷണിച്ചിരുന്നെങ്കിലും കടത്തിന്റെ ഏറ്റെടുപ്പും വിമാനക്കമ്പനിയുടെ നിയന്ത്രണവും സംബന്ധിച്ച് വ്യക്തത വരുത്താഞ്ഞതോടെ ആരും വാങ്ങാനെത്തിയിരുന്നില്ല. 74% ഓഹരികള്‍ മാത്രം വില്‍ക്കാനായിരുന്നു അന്നത്തെ പദ്ധതി. വിമാനക്കമ്പനിയിലെ മുഴുവന്‍ ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് ഇത്തവണ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം നിയന്ത്രണാവകാശങ്ങളും കൈമാറും. ആകര്‍ഷകമായ വില്‍പ്പന പദ്ധതിയും ഇളവുകളും പ്രഖ്യാപിക്കപ്പെട്ടതോടെ ഇത്തവണ സ്വകാര്യ മേഖല, വിമാനക്കമ്പനിയില്‍ താല്‍പ്പര്യം കാണിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വീസുകളില്‍ താല്‍പ്പര്യമുണ്ടെന്ന് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ സൂചിപ്പിച്ചു കഴിഞ്ഞു. വിമാനങ്ങളും സര്‍വീസ് സ്ലോട്ടുകളുമാണ് കമ്പനിയുടെ ഏറ്റവും ആകര്‍ഷകമായ മുതലുകളെന്നും ഇത് മുന്‍നിര്‍ത്തി സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കാനാവുമെന്നും വിമാനക്കമ്പനി വൃത്തങ്ങള്‍ പറയുന്നു.

എയര്‍ ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനി. ഇന്‍ഡിഗോയ്ക്കും സ്‌പൈസ് ജെറ്റിനും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയും ടാറ്റ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിച്ച് രൂപീകരിക്കപ്പെട്ട എയര്‍ ഇന്ത്യയാണ്. നഷ്ടത്തിലായിട്ടും എയര്‍ ഇന്ത്യയുടെ വിപണി വിഹിതത്തില്‍ കാര്യമായ പരിക്ക് പറ്റിയിട്ടില്ല. 2019 നവംബറിലെ കണക്കുകള്‍ പ്രകാരം 12.1% ആഭ്യന്തര വിപണി വിഹിതം (യാത്രക്കാരുടെ എണ്ണത്തില്‍) കമ്പനിക്ക് സ്വന്തമാണ്. അതേസമയം പ്രതിദിനം വിമാനക്കമ്പനി 20-25 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ട്. 22,000 കോടി രൂപയാണ് കമ്പനി, വിവിധ എണ്ണക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും മറ്റും കൊടുത്തു തീര്‍ക്കാനുള്ളത്. ഇത് അപ്പാടെ എഴുതിത്തള്ളാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles