ലണ്ടൻ: ലോകത്താകമാനം മീ ടു ക്യാമ്പയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ബ്രിട്ടീനിൽനിന്നും പുറത്തുവരുന്നത്. പ്രമുഖ വ്യവസായിക്കെതിരെ ലൈംഗിക അതിക്രമം റിപ്പോർട്ട് ചെയ്ത് പത്രത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് കോടതി. വ്യവസായിക്കെതിരെ യുവതി ആരോപിച്ച മീ ടൂ, പത്രം റിപ്പോർട്ട് ചെയ്തത് നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.

എട്ട് മാസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് ഡെയ്ലി ടെലഗ്രാഫ് പത്രം ലൈംഗിക അതിക്രമത്തിനെതിരെ സംഘടിപ്പിക്കുന്ന മീ ടു ക്യാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലെ പ്രമുഖ വ്യവസായിക്കെതിരെ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി യുവതി ഉയർത്തിയ ലൈംഗിക ആരോപണമാണ് പത്രത്തിൽ അച്ചടിച്ച് വന്നത്.

എന്നാൽ കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്തിയെന്ന് കാട്ടി ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഉന്നത ജഡ്ജിമാർ പത്രത്തിനെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ വ്യക്തിയുടെ പേരോ കമ്പിനിയുടെ പേരോ പത്രം വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. ഇതോടെ മീ ടൂ ക്യാമ്പയിനെ തുർന്നുള്ള മുഴുവൻ റിപ്പോർട്ടുകളും കുറ്റാരോപിതന്‍റെ പേര് വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കേണ്ടിവരും.

അഞ്ചോളം യുവതികളാണ് വ്യാവസായിക്കെതിരെ മീ ടു ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം വെളിപ്പെടുത്തില്ലെന്ന് സമ്മതിച്ച് യുവതികൾ ഒപ്പിട്ട കരാറുകളും ഇതിന് പകരമായി യുവതികൾ കൈ പറ്റിയ പ്രതിഫലം സംബന്ധിച്ച രേഖകളും വ്യവസായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ കരാറുകൾ ലംഘിച്ച് പത്രം വാർത്ത റിപ്പോർട്ട് ചെയ്തത് നിയമലംഘനമാണെന്നും കോടതി ചൂണ്ടികാട്ടി.

കോടതി വിധിയിൽ പത്രം ഒട്ടും തൃപ്തരല്ല. 43 കോടിയോളം രൂപ അഭിഭാഷകർക്ക് വാഗ്ദാനം ചെയ്താണ് കുറ്റാരോപിതനായ വ്യക്തി അനുകൂല വിധി നേടിയതെന്ന് പത്രാധിപർ ആരോപിച്ചു. വിധി തികച്ചും അന്യായമാണ്. പത്രം ബിസിനസ്സ്കാരനുമായി ഒരു കരാറിലും ഒപ്പുവച്ചിട്ടില്ല. വസ്തുതകൾ പ്രസിദ്ധീകരിക്കുക എന്നത് പൊതു താല്പര്യമാണ്. അത് ഒരാൾക്കതിരെ ആരേങ്കിലും നൽകുന്ന പരാതിയുടേയോ റിപ്പേർട്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രമല്ലെന്നും ടെലഗ്രാഫ് പത്രാധിപർ വ്യക്തമാക്കുന്നു.

തുടർന്ന് ബുധനാഴ്ച്ച ഇറക്കിയ പത്രത്തിൽ കോടതി വിധിക്കെതിരെ പത്രാധിപർ തുറന്നടിച്ചു. “ബ്രിട്ടനിലെ മീ ടൂ വിവാദം പുറത്തുകൊണ്ടുവരാൻ കഴിയാത്തതാണ്,” എന്ന തലക്കെട്ടോടു കൂടിയാണ് അന്ന് പത്രം പ്രസിദ്ധീകരിച്ചത്. ‌‌

“ബിസിനസുകാരനെതിരേ ചുമത്തിയ കുറ്റത്തോടെ, മുതലാളിമാർ ജീവനക്കാരായ യുവതിക്കൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ‌ വെളിപ്പെടുത്തുന്നത് ശക്തമാകും. വെളിപ്പെടുത്തലുകൾ‌ നടത്താതിരിക്കുന്നതിനായി കരാറിൽ ഒപ്പുവയ്ക്കുന്നത് മോശം പെരുമാറ്റം ഒളിച്ചുവയ്ക്കുന്നതിനും വിമർശനങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനും സഹായിക്കുമെന്നും ലേഖനത്തിൽ പറയുന്നു.